മറയൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നിന്നും ചന്ദനമരം മോഷണം പോയി. കാന്തല്ലൂർ ആനക്കാപെട്ടി സ്വദേശി രാജയുടെ കൃഷിയിടത്തിൽ നിന്നിരുന്ന ചന്ദനമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. മറയൂർ അഞ്ചുനാട് മേഖലയിലെ സ്വകാര്യ ഭൂമിയിൽ നിന്നും ചന്ദനമരങ്ങൾ മോഷണം പോകുന്നത് പതിവായിരിക്കുകയാണ്.
ഏകദേശം മുപ്പത് സെന്‍റീമീറ്റർ വ്യാസമുള്ള ചന്ദനമരമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്ഥലമുടമ പോലീസിലും കാന്തല്ലൂർ ഫോറസ്റ്റ് ഡിവിഷനിലും പരാതി നൽകിയതിനെത്തുടർന്ന് കാന്തല്ലൂർ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസറുടൈ നേതൃത്വത്തിൽ വനപാലക സംഘമെത്തി പരിശോധന നടത്തി. ഒരു മാസം മുൻപും സമീപത്ത് നിന്നും മറ്റൊരു ചന്ദനമരം മോഷണം പോയിരുന്നു.
മറയൂർ അഞ്ചുനാട് മേഖലയിലെ സ്വകാര്യ ഭൂമിയിൽ നിന്നും വ്യാപകമായി ചന്ദനമരം മോഷണം പോകുമ്പോഴും മോഷ്ടാക്കളെ പിടികൂടാൻ നടപടിയില്ല എന്നാണ് പരാതി.
കഴിഞ്ഞ ഒരു വർഷത്തിനിടെ സ്‌കൂൾ പരിസരത്തും വീട്ടുമുറ്റത്ത് നിന്നുമായി ഇരുപതോളം ചന്ദനമരങ്ങളാണ് മോഷണം പോയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു പ്രതിയെപോലും പിടികൂടാൻ ഇതുവരെ വരെ വനംവകുപ്പിനും പോലീസിനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസങ്ങളിൽ മറയൂർ ഫോറസ്റ്റ് ഡിവിഷന്‍റേയും ചിന്നാർ വനം വകുപ്പ് ഓഫീസിന്‍റേയും ഇടയിലായി കഷ്ടിച്ച് നൂറ് മീറ്റർ മാത്രം ദൂരത്തിലുള്ള മറയൂർ എൽപി സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും രണ്ട് തവണ ചന്ദന മരം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികളേയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
സ്വകാര്യ ഭൂമിയിൽ നിന്നും ചന്ദനമരം മോഷണം പോയാൽ ഉത്തരവാദിത്വം പൊലീസിനാണെന്നറിയിച്ച് വനംവകുപ്പ് പിൻമാറുന്നതാണ് മോഷണം പെരുകുന്നതിന് പ്രധാനകാരണം എന്ന ആരോപണവും ശക്തമാണ് ആണ്. പൊലീസ് അംഗബലം കുറവെന്ന കാരണത്താലും മറ്റും ചന്ദന കേസുകളിൽ ശ്രദ്ധിക്കാറുമില്ല.
https://www.youtube.com/watch?v=5qwaoaEFfls