സമീര്‍ റിസ്വിയുടെ വെടിക്കെട്ട്; മുംബൈയെ ആറ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്

Jaihind News Bureau
Saturday, April 4, 2026

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തപ്പോള്‍, 11 പന്തുകള്‍ ബാക്കിനില്‍ക്കെ ഡല്‍ഹി ലക്ഷ്യം കണ്ടു. 51 പന്തില്‍ 90 റണ്‍സെടുത്ത സമീര്‍ റിസ്വിയാണ് ഡല്‍ഹിയുടെ വിജയശില്‍പ്പി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് തുടക്കം പാളിയിരുന്നു. സ്‌കോര്‍ ഏഴില്‍ നില്‍ക്കെ കെ എല്‍ രാഹുല്‍ (1), നിതീഷ് റാണ (0) എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച പതും നിസ്സങ്കയും (44) സമീര്‍ റിസ്വിയും ചേര്‍ന്ന് 66 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഡല്‍ഹിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഏഴ് സിക്‌സറുകളും ഏഴ് ഫോറുകളും ഉള്‍പ്പെട്ടതായിരുന്നു റിസ്വിയുടെ ഇന്നിംഗ്‌സ്. സെഞ്ചുറിക്ക് 10 റണ്‍സ് അകലെ താരം പുറത്തായെങ്കിലും ഡേവിഡ് മില്ലറും (21*), ട്രിസ്റ്റണ്‍ സ്റ്റബ്‌സും (3*) ചേര്‍ന്ന് വിജയം ഉറപ്പാക്കി.

നേരത്തെ ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ തുടക്കവും മോശമായിരുന്നു. മൂന്നാം ഓവറില്‍ തന്നെ റിയാന്‍ റിക്കിള്‍ട്ടണ്‍ (9), തിലക് വര്‍മ്മ (0) എന്നിവരെ മുകേഷ് കുമാര്‍ മടക്കി. തുടര്‍ന്ന് രോഹിത് ശര്‍മ്മയും (35) സൂര്യകുമാര്‍ യാദവും (51) ചേര്‍ന്ന് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചെങ്കിലും രോഹിത്തിനെ അക്‌സര്‍ പട്ടേല്‍ പുറത്താക്കി. പരിക്കിന്റെ വെല്ലുവിളികള്‍ക്കിടയിലും അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാറാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ നമന്‍ ദിര്‍ (28), മിച്ചല്‍ സാന്റ്‌നര്‍ (18) എന്നിവരുടെ പ്രകടനമാണ് സ്‌കോര്‍ 150 കടത്തിയത്. ഡല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.