‘ഇപ്പോള്‍ പിണറായി മോദിയുടെ സംരക്ഷണയില്‍, ലാവലിനും സ്വർണ്ണക്കടത്തുമെല്ലാം തിരിഞ്ഞുകുത്തുന്ന കാലം വരും’: മലപ്പുറത്ത് പ്രതിഷേധജ്വാലയായി ‘സമരാഗ്നി’; യാത്ര ഇനി പാലക്കാടിന്‍റെ മണ്ണില്‍

Jaihind Webdesk
Saturday, February 17, 2024

 

മലപ്പുറം: ലാവലിന്‍ കേസും സ്വര്‍ണ്ണക്കടത്തും മകള്‍ വീണയുടെ മാസപ്പടിയും പിണറായി വിജയനെ തിരിഞ്ഞുകുത്തുന്ന കാലം വരുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. ഇപ്പോള്‍ മോദിയുടെ സംരക്ഷണയിലാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. മോദി – പിണറായി അന്തർധാര മതേതര കേരളം തിരിച്ചറിയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. കെപിസിസി പ്രസിഡന്‍റ്  കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് എടപ്പാളിലും കൊളപ്പുള്ളിയിലും നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

മലപ്പുറം ജില്ലയിലെ സമരാഗ്നിയുടെ അവസാനത്തെ പൊതുസമ്മേളന വേദിയായ എടപ്പാളിലേക്ക് നൂറുകണക്കിന് പ്രവർത്തകരും പൊതുജനങ്ങളുമാണ് സ്വീകരിക്കാൻ ഒഴുകിയെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അന്തര്‍ധാര ശക്തമാണെന്നും അത് പൊളിക്കുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു. ഇപ്പോള്‍ മോദിയുടെ സംരക്ഷണയിലാണ് പിണറായി വിജയന്‍. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന് പ്രത്യുപകാരമായി കുഴല്‍പ്പണ കേസില്‍ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും മോദി ഭയക്കുന്നതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനം പോലും തടസപ്പെടുത്താനാണ് ഈ നീക്കം. എന്നാല്‍ ഈ യുദ്ധവും കോണ്‍ഗ്രസ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എടപ്പാളിലേയും കൊളപ്പുള്ളിയിലേയും സ്വീകരണ പരിപാടികൾ കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിണറായിയെ പിന്തുണയ്ക്കുന്നവർ കമ്യൂണിസ്റ്റുകളല്ല, കച്ചവടക്കാരാണെന്ന് തിരുവഞ്ചൂർ കുറ്റപ്പെടുത്തി. രാത്രിയോടെ സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര പാലക്കാട് പ്രവേശിച്ചു. കൊളപുള്ളിയിൽ നൽകിയ ആദ്യ സ്വീകരണ പൊതുസമ്മേളനത്തിൽ ജനം ഇരമ്പിയെത്തിയത് സംഘാടകരെ പോലും അത്ഭുതപ്പെടുത്തി.