സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര; പര്യടനം നാളെ മലപ്പുറം ജില്ലയിൽ

Jaihind Webdesk
Wednesday, February 14, 2024

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സംയുക്തമായി നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര നാളെ മലപ്പുറം ജില്ലയിൽ പര്യടനം നടത്തും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മുഹമ്മദ് അസറുദ്ദീൻ, ഇമ്രാൻ പ്രതാപ് ഗാർഹി, സൽമാൻ ഖുർഷിദ് തുടങ്ങിയ കോൺഗ്രസിന്‍റെ ദേശീയ നേതാക്കന്മാർ സമരാഗ്‌നി യാത്രയുടെ ഭാഗമാകും.

ഫെബ്രുവരി 9 ന് കാസർഗോഡ് നിന്ന് ആരംഭിച്ച സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര നാളെ മലപ്പുറം ജില്ലയിൽ പ്രവേശിക്കും. കാസർക്കോട് , കണ്ണൂർ , കോഴിക്കോട് , വയനാട് ജില്ലകളിലെ യാത്രയുടെ പര്യടനം പൂർത്തിയായി. 2 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര പര്യടനം തുടരുന്നത്. നാളെ വൈകീട്ട് 3.30 ന് അരീക്കോട് നൽകുന്ന സ്വീകരണത്തോടെ ജില്ലയിലെ പര്യടന പരിപാടികൾക്ക് തുടക്കമാവും. അരീക്കോട് സ്വീകരണത്തിനു ശേഷം വൈകീട്ട് 5.30 ന് ജില്ലാ ആസ്ഥാനമായ മലപ്പുറം കിഴക്കേതലയിൽ ജാഥക്ക് സ്വീകരണം നൽകും. വെള്ളിയാഴ്ച എടപ്പാളിൽ വൈകീട്ട് 3.30 മണിക്കാണ് ജില്ലയിലെ മൂന്നാമത്തെയും അവസാനത്തെയുമായ സ്വീകരണം ഒരുക്കിയിരിക്കുന്നത്. തയ്യാറെടുപ്പുകൾ പൂർത്തിയാതായി ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ് പറഞ്ഞു.

ജില്ലയുടെ ഭാഗമായ മൂന്ന് പാർലമെന്‍റ് മണ്ഡലം അടിസ്ഥാനത്തിൽ നടക്കുന്ന മൂന്നു സ്വീകരണങ്ങളും കോൺഗ്രസിന്‍റെ പാർലമെന്‍റ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ തുടക്കം കൂടിയാവും. മൂന്നിടങ്ങളിലും ജാഥയെ വരവേൽക്കാൻ വലിയ ക്രമീകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ബ്ലോക്ക്, മണ്ഡലം, ബൂത്ത് കൺവെൻഷനുകൾ ചേർന്ന് ജാഥക്ക് വേണ്ടിയുള്ള പ്രചരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കെപിസിസി പ്രസിഡന്‍റും, പ്രതിപക്ഷ നേതാവും സംയുക്തമായി മലപ്പുറത്ത് വാർത്താ സമ്മേളനം നടത്തും. 10 മണിക്ക് ടൗൺഹാളിൽ വച്ച് ജനകീയ ചർച്ച സദസ്സ് സംഘടിപ്പിക്കും. ജില്ലയിലെ വിവിധ പ്രശ്നങ്ങൾ നേരിടുന്ന, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കെടുതികൾ ഏറ്റുവാങ്ങുന്ന, ദുരിതം നേരിടുന്ന വിവിധ ജനവിഭാഗങ്ങളെ പ്രതിനിധീകരിച്ച് ആളുകൾ ജനകീയ ചർച്ച സദസ്സിൽ കെപിസിസി പ്രസിഡന്‍റിനോടും പ്രതിപക്ഷ നേതാവിനോടും പരാതികൾ പങ്കുവെക്കും. ജാഥയിൽ വിവിധ കേന്ദ്രങ്ങളിൽ മുഹമ്മദ് അസറുദ്ദീൻ, ഇമ്രാൻ പ്രതാപ് ഗാർഹി, സൽമാൻ ഖുർഷിദ് തുടങ്ങിയ കോൺഗ്രസിന്‍റെ ദേശീയ നേതാക്കന്മാർ പങ്കെടുക്കുമെന്നും ഡിസിസി അറിയിച്ചു.