സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രക്ക് തുടക്കം ; ജനസാഗരമായി കാസർഗോഡ്, കേരള-സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

Jaihind Webdesk
Friday, February 9, 2024

കാസർഗോഡ്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹഭരണത്തിനെതിരെ കെപിസിസി സംഘടിപ്പിക്കുന്ന ജനകീയപ്രക്ഷോഭ യാത്രയായ സമരാഗ്നിക്ക്ഇന്ന് കാസർഗോഡ് തുടക്കമായി. എഐസിസി ജനറല് സെക്രട്ടറി കെ.സി.വേണുഗോപാല് എം.പി പതാക കെെമാറി സമരാഗ്നി ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംയുക്തമായി നയിക്കുന്ന യാത്രയ്ക്കാണ് കാസർഗോഡ് തുടക്കമായത്.

കഴിഞ്ഞ പത്ത്  വർഷമായി കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ എന്ത് ചെയ്തുവെന്നത് വസ്തുനിഷ്ഠമായി പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന്  എഐസിസി ജനറല് സെക്രട്ടറി കെ.സി.വേണുഗോപാല് എം.പി പറഞ്ഞു. രാജ്യത്തെ 42 % ചെറുപ്പക്കാരും തൊഴിലില്ലായ്മ അനുഭവിക്കുകയാണെന്നും പത്ത് വർഷം കൊണ്ട് കർഷകർക്ക് ശരാശരി ഒരു ലക്ഷം രൂപയുടെ കടബാധ്യത വരുത്തിയെന്നും  അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. എന്നിട്ട് ഇപ്പോള്‍ മോദി ഗ്യാരണ്ടി പറയുകയാണ്. പറഞ്ഞ ഗ്യാരണ്ടികള്‍ എവിടെപ്പോയി?  ഈ തട്ടിപ്പ് ഗ്യാരണ്ടിയിൽ ഇന്ത്യാ രാജ്യം വീഴില്ല എന്ന് മോദി ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാട് നിൽക്കണോ വേണ്ടയോ എന്നതാണ് ചോദ്യമെന്നും പിണറായിയുടെ ഏകാധിപത്യത്തിനും നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണത്തിനും എതിരെയാണ് ഈ യാത്രയെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. പിണറായി വിജയന്‍റെ ഭരണം സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  ഇവിടെ മോഡിയും പിണറായിയും സന്ധി ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.  കള്ളപ്പണ കേസിലും സ്വര്‍ണക്കടത്തിലും ലൈഫ് കേസിലും പിണറായിയെ മോദി സഹായിച്ചപ്പോൾ കുഴൽപണ കേസിൽ തിരിച്ച് സഹായിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പത്തു വർഷത്തെ നരേന്ദ്ര മോദി ഭരണം രാജ്യത്തെ ജനങ്ങളെ അനാഥരാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രാജ്യത്തെ സമസ്ത മേഖലയിലും തകർച്ച നേരിടുന്നു. ജനങ്ങളുടെ ദുരിതങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന് താല്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസര്‍ഗോഡ് നിന്ന് ആരംഭിച്ച സമരാഗ്നി 29-ന് തിരുവനന്തപുരത്താണ് സമാപിക്കുക. കേരളത്തിന്‍റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍, കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍, കെപിസിസി ഭാരവാഹികള്‍, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഡിസിസി പ്രസിഡന്‍റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.