‘സമരാഗ്നി’ കണ്ണൂരിലേക്ക്; വൈകിട്ട് മട്ടന്നൂരില്‍ പൊതുസമ്മേളനം

Jaihind Webdesk
Saturday, February 10, 2024

 

കണ്ണൂർ: സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര ഇന്ന് കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ അതിർത്തിയായ കരിവെള്ളൂരിൽ ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ സമരാഗ്നി ജാഥയെ സ്വീകരിക്കും. പയ്യന്നൂര്‍, തളിപ്പറമ്പ്, ചിറവക്ക് വഴി ശ്രീകണ്ഠാപുരം, ഇരിക്കൂര്‍, മട്ടന്നൂര്‍ കോളേജ് വഴി മട്ടന്നൂര്‍ ടൗണിൽ പ്രക്ഷോഭയാത്ര എത്തിച്ചേരും.

ജില്ലയിലെ ആദ്യത്തെ മഹാസമ്മേളനം മട്ടന്നൂർ ടൗണിൽ നടക്കും. മട്ടന്നൂരില്‍ പൊതുയോഗത്തിനു ശേഷം യാത്ര കണ്ണൂര്‍ ടൗണിലേക്ക് നീങ്ങും. കണ്ണൂർ കളക്ട്രേറ്റ് മൈതാനിയിൽ നടക്കുന്ന പൊതുയോഗം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9.30ന് കണ്ണൂര്‍ പയ്യാമ്പലത്തെ ഹോട്ടല്‍ പാം ഗ്രൂവില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പങ്കെടുക്കുന്ന ജനകീയ ചര്‍ച്ചാസദസ് നടക്കും. ജീവിതത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും മനസിലാക്കുകയും ചെയ്യും.