തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേർന്നു നയിക്കുന്നു സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് തിരുവനന്തപുരത്ത് ആവേശോജ്വല സ്വീകരണം. ജില്ലയിലിലെ ആദ്യ സ്വീകരണം ആറ്റിങ്ങലിൽ ആയിരുന്നു. നെടുമങ്ങാട്ടും യാത്ര സ്വീകരണം ഏറ്റുവാങ്ങി. മറ്റെന്നാളാണ് ജാഥയുടെ സമാപനം സമാപിക്കുക.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു അവിശുദ്ധ അന്തർധാര സിപിഎമ്മും ബിജെപിയും തമ്മിൽ നടത്തുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. പരസ്പര ധാരണയിൽ കേരള രാഷ്ട്രീയത്തിൽ ബിജെപിയും സിപിഎമ്മും ഒന്നിക്കുന്നുവെന്നും സംസ്ഥാനത്തെ ഭരണം ദുർവിനിയോഗം ചെയ്തു കോടികൾ ഉണ്ടാക്കി മക്കൾക്ക് വേണ്ടി സ്ഥാപനങ്ങൾ ആരംഭിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് സർക്കാർ കേരളത്തെ നശിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. കേരളത്തിൽ സമസ്ത മേഖലകളിലും അരാജകത്വം നിലനിൽക്കുന്നുവെന്നും പിആർ എജൻസികൾ തിരക്കഥയെഴുതിയ ഷോയാണ് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ അംബാനിക്കും അദാനിക്കും വേണ്ടി മാത്രം ഭരിക്കുന്നുവെന്നും സംഘപരിവാർ ശക്തികളും പിണറായി വിജയനുമായുള്ള അന്തർധാരയുടെ ഇടനിലക്കാരനാണ് വി മുരളീധരനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.