ജനമനസ് തൊട്ടറിഞ്ഞ് ‘സമരാഗ്നി’; നാളെ സമാപനം

Jaihind Webdesk
Wednesday, February 28, 2024

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധത്തിന്‍റെ തീക്കനൽ ആളിക്കത്തിച്ച് ജൈത്രയാത്ര നടത്തിയ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര നാളെ സമാപിക്കും. വിവിധ ജില്ലകളിൽ പ്രൗഡോജ്വല വരവേൽപ്പ് ലഭിച്ച സമരാഗ്നിയുടെ സ്വീകരണ പരിപാടികൾ നെടുമങ്ങാട്ട് സമാപിച്ചു. ജനങ്ങളുടെ ദുരിത ജീവിതത്തിന്‍റെ നേര്‍ക്കാഴ്‌ചകൾ സമരാഗ്നി നായകർ തൊട്ടറിഞ്ഞ ജനകീയ ചര്‍ച്ചാ സദസ്സിനും ഇന്ന് പരിസമാപ്തിയായി.

കേരളത്തിന്‍റെ ജനമനസ് തൊട്ടറിഞ്ഞ് ഫെബ്രുവരി 9ന്‌ കാസര്‍ഗോഡ്‌ നിന്നും പ്രയാണമാരംഭിച്ച സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര പുതിയ സമര ചരിത്രം രചിച്ചാണ് നാളെ പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കുന്നത്. 14 ജില്ലകളിലായി മുപ്പതിലേറെ ജനകീയ പൊതുസമ്മേളനങ്ങളും, ജനങ്ങളുടെ ദുരിത ജീവിതത്തിന്‍റെ നേര്‍ക്കാഴ്‌ചക്ക്‌ വേദിയായ 13 ജനകീയ ചര്‍ച്ചാ സദസുകൾക്ക് ശേഷമാണ്‌ സമരാഗ്നി സമാപിക്കുന്നത്. വയനാട് ജില്ലയിലെ ജനകീയ ചർച്ചാ സദസ്സ് പിന്നീട് സംഘടിപ്പിക്കും. ജനങ്ങളുടെ നീറുന്ന നൂറു നൂറു പ്രശ്നങ്ങളാണ് ജനകീയ ചർച്ചാ സദസ്സിൽ ഉയർന്നത്. അർഹമായ നഷ്ടപരിഹാരം നല്‍കാതെ സർക്കാർ അവഗണിക്കുന്നതായ പരാതിയുമായി വിതുരയിൽ നേരത്തെ കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ വിധവകൾ തിരുവനന്തപുരത്തെ ജനകീയ ചർച്ചാ സദസിലെത്തി. നേരത്തെ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റവർ മുതലപ്പൊഴിയിലെ ദുരിതബാധിതർ തൊഴിലിനു വേണ്ടി സെക്രട്ടറിയേറ്റിനു മുന്നിൽ പൊരുതുന്ന സിപിഒ റാങ്ക് ഹോൾഡേഴ്സ് തുടങ്ങി നൂറുകണക്കിന് പേരാണ് നീതിക്കായി സഹായം തേടി ജനനായകർക്ക് മുന്നിൽ എത്തിയത്.

സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച പരാതികളിൽ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉറപ്പ് നൽകി. സമരാഗ്നിയുടെ സമാപന സമ്മേളനം നാളെ വൈകിട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്യും. സച്ചിൻ പൈലറ്റ് മുഖ്യാതിഥിയായിരിക്കും. ആയിരങ്ങൾ അണിചേരുന്ന ഘോഷയാത്രയോടെയാണ് സമരാഗ്നി നായകരായ കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും സമാപന സമ്മേളന വേദിയിലേക്ക് ആനയിക്കുക.