ജനദ്രോഹ സർക്കാരിനെതിരെ പ്രതിഷേധജ്വാലയായി ‘സമരാഗ്നി’; സാന്ത്വനത്തിന്‍റെ തണലായി കോണ്‍ഗ്രസിന്‍റെ ജനകീയ ചർച്ചാ സദസ്

Jaihind Webdesk
Saturday, February 17, 2024

 

മലപ്പുറം: അവഗണിക്കപ്പെടുന്നതിന്‍റെ നൊമ്പരവുമായി എത്തിയവർക്ക് സാന്ത്വനത്തിന്‍റെ തണലായി ജനകീയ ചർച്ചാ സദസ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി മലപ്പുറം ടൗൺ ഹാളിൽ നടത്തിയ ചർച്ചാ സദസ് വികാരനിർഭരമായ രംഗങ്ങൾക്ക് വേദിയായി.

നിലമ്പൂർ പോത്തുകല്ലിൽ അഞ്ചുമാസം മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ജോസിന്‍റെ ഭാര്യ ലൈസ കണ്ണീരോടെയാണ് ചർച്ചാ സദസിൽ എത്തിയത്. കുടുംബത്തിന് ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. പ്രതിഷേധവും ബഹളവും ഇല്ലെങ്കിൽ അർഹതപ്പെട്ട നഷ്ടപരിഹാരം പോലും നൽകാൻ സർക്കാർ വിമുഖത കാണിക്കുകയാന്നെന്നും കുടുംബത്തിൽ ഒരാൾക്ക് ജോലിയും നഷ്ടപരിവും നേടിത്തരാൻ ആത്മാർത്ഥമായി ഇടപെടുമെന്നും വി.ഡി. സതീശൻ ഉറപ്പുനൽകി. ആദിവാസികളുടെ സംരക്ഷണത്തിനായി സുപ്രീം കോടതി നിർദേശിച്ച പാക്കേജ് നടപ്പാക്കാത്ത രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്ന് നിലമ്പൂരിലെ ആദിവാസി പ്രതിനിധികൾ ആരോപിച്ചു.

കോഴിക്കോട് എയർപോർട്ടിൽ നാലുവർഷമായി വലിയ വിമാനങ്ങൾ ഇറങ്ങുന്നില്ല. ഒരു പൈലറ്റ് കാണിച്ച അശ്രദ്ധയെ തുടർന്ന് നിർത്തിവെച്ച സർവീസ് പുനരാരംഭിക്കണമെന്നായിരുന്നു അസീസ് പഞ്ഞിലിയുടെ ആവശ്യം. സ്കൂൾ പാചക തൊഴിലാളികളുടെ പ്രശ്നങ്ങളാണ് വിവിധ സ്കൂളുകളിൽ നിന്നെത്തിയ തൊഴിലാളികൾ പങ്കുവെച്ചത്. വിവിധ കർഷകരുടെ നീണ്ട നിര തന്നെ സദസിൽ എത്തിയിരുന്നു. കാലിത്തീറ്റയ്ക്കും വൈക്കോലിനും സബ്സിഡി അനുവദിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കോൾ നിലങ്ങൾ സംരക്ഷിക്കാനുള്ള ചമ്രവട്ടം പദ്ധതി പരാജയമാണെന്ന് കർഷകൻ അബ്ദുൽ ഹക്കീം ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന എല്ലാ ആനുകൂല്യങ്ങളും സർക്കാർ വെട്ടി കുറക്കുകയാണെന്നാണ് ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റന്‍റുമാരുടെ പരാതി. റേഷൻകട വഴി കിറ്റ് വിതരണം ചെയ്തതിനുള്ള കൂലി ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് റേഷൻ കടക്കാരുടെ പരാതി.

ജനകീയ ഹോട്ടൽ നടത്തിപ്പുകാരും ജീവനക്കാരും കടക്കെണിയിലാണെന്ന് ജനകീയ ചർച്ചാ സദസിൽ പങ്കെടുത്ത ഫൗസിയ ചൂണ്ടിക്കാണിച്ചു. 16 കോടിയിലധികം രൂപയുടെ കുടിശിക മലപ്പുറത്തെ ജനകീയ ഹോട്ടലുകൾക്ക് മാത്രം നൽകാനുണ്ട്. കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളിൽ നിറയ്ക്കുന്ന ഇന്ധനത്തിന് റോഡ് സെസ് വാങ്ങുന്നതിലെ വൈരുദ്ധ്യമാണ് മത്സ്യത്തൊഴിലാളിയായ പൊന്നാനിയിൽ നിന്നുള്ള സി. മുസ്തഫ ചൂണ്ടിക്കാണിച്ചത്. പൊന്നാനിയിലെ പ്രശ്നം പഠിക്കാൻ താൻ ഉൾപ്പെടെയുള്ളവർ മത്സ്യത്തൊഴിലാളി മേഖലയിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.