‘പ്രധാനമന്ത്രീ, വിഡ്ഡിത്തം പുലമ്പാതിരിക്കൂ; ഓരോ ഇന്ത്യക്കാരനേയും വേദനിപ്പിക്കുന്ന പരാമര്‍ശമാണിത്’ : സാം പിത്രോദ

Jaihind Webdesk
Sunday, May 5, 2019

രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. ഓരോ ഇന്ത്യക്കാരന്‍റേയും മനസിനെ വേദനിപ്പിക്കുന്നതാണ് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടെ തീര്‍ത്തും നിരുത്തരവാദപരമായ പ്രസ്താവനയെന്നും പിത്രോദ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി സംവദിക്കുന്നത് രാജ്യത്തെ ജനങ്ങളോടാണ്. വിഡ്ഡിത്തം പുലമ്പാനുള്ള അവസരമല്ല അത്. മോദി നടത്തിയ പ്രസ്താവന ഗുജറാത്തികള്‍ക്കുകൂടി നാണക്കേടുണ്ടാക്കുന്നതാണെന്നും പിത്രോദ പറഞ്ഞു.

‘പ്രധാനമന്ത്രീ താങ്കള്‍ ഇത്തരമൊരു പ്രസ്താവന കൊണ്ട് എന്താണ് ഉദ്ദേശിച്ചത്? വിഡ്ഡിത്തം പുലമ്പരുത്.  താങ്കളുടെ അടിസ്ഥാനരഹിതമായ പ്രസ്താവനയില്‍ ഞങ്ങള്‍ക്ക് തന്നെ ലജ്ജ തോന്നുന്നു. ഗാന്ധിജിയുടെ സംസ്ഥാനത്ത് നിന്നാണ് ഞാനും വരുന്നത്. ഗുജറാത്തില്‍ നിന്നും വന്ന ഒരാള്‍ ഇത്രയും തരംതാഴ്ന്ന കള്ളം പറയുകയാണ്. ഇത് ഏറ്റവും വിഷമവും ലജ്ജയുമുണ്ടാക്കുന്ന കാര്യമാണ്”- പിത്രോദ പറഞ്ഞു.

ഇത്തരം അധിക്ഷേപങ്ങള്‍ കൊണ്ട് കളങ്കപ്പെടുന്ന വ്യക്തിത്വമല്ല രാജീവ് ഗാന്ധിയുടേത്. അതുപോലെ തന്നെ ബി.ജെ.പിയുടെ വ്യാജ പ്രചാരണങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ വ്യക്തിത്വത്തിനും യാതൊരു കോട്ടവും സംഭവിക്കില്ല. പെയ്ഡ് ന്യൂസുകള്‍ വഴി ഉണ്ടാക്കിയെടുത്ത വ്യക്തിത്വമല്ല രാഹുല്‍ ഗാന്ധിയുടേതെന്നും പിത്രോദ പറഞ്ഞു. മോദി സര്‍ക്കാര്‍ താഴെ വീഴുമെന്നത് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.