‘കേരള ജനതയ്ക്ക് സല്യൂട്ട്’; ഹൃദയസ്പര്‍ശിയായ ജനവിധിയെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, December 13, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു സല്യൂട്ടെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് നിര്‍ണായകവും ഹൃദയസ്പര്‍ശിയായതുമായ ഒരു ജനവിധിയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഈ ഫലങ്ങള്‍ യുഡിഎഫില്‍ വളര്‍ന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിലേക്കുള്ള വഴി ചൂണ്ടുന്നു. ഈ ജനവിധിയിലൂടെ സന്ദേശം വ്യക്തമാണ്. കേള്‍ക്കുകയും പ്രതികരിക്കുകയും വിജയങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഉത്തരവാദിത്തമുള്ള ഭരണമാണ് കേരളം ആഗ്രഹിക്കുന്നത്. ഇപ്പോള്‍ നമ്മുടെ ശ്രദ്ധ അചഞ്ചലമാണ് – കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നില്‍ക്കുക, അവരുടെ ദൈനംദിന ആശങ്കകള്‍ പരിഹരിക്കുക, സുതാര്യവും ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുമായ ഭരണം ഉറപ്പാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കും അഭിനന്ദനങ്ങളെന്നം ഈ വിജയം സാധ്യമാക്കിയ ഓരോ പാര്‍ട്ടി നേതാവിനും പ്രവര്‍ത്തകര്‍ക്കും തന്റെ ആത്മാര്‍ത്ഥമായ നന്ദിയെന്നും അദ്ദേഹം അറിയിച്ചു.