2ജി സ്‌പെക്ട്രം കേസിലെ ഗൂഢാലോചന പുറത്ത് : സല്‍മാന്‍ ഖുര്‍ഷിദ്

Jaihind Webdesk
Friday, November 5, 2021

തിരുവനന്തപുരം: 2ജി സ്‌പെക്ട്രം കേസില്‍ അന്നത്തെ സിഎജി വിനോദ് റായി ക്ഷമാപണം നടത്തിയതോടെ രണ്ടാംയുപിഎ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ വലിയ ഗൂഢോലോചനയാണ് പുറത്തുവന്നതെന്ന് അന്നത്തെ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

സാത്വികനായ അന്നത്തെ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിനെതിരേ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിനോദ് റായിയും രാജ്യത്തോട് ക്ഷമാപണം നടത്തണം. 1.76 ലക്ഷം കോടി രൂപയുടെ അഴിമതി ഉണ്ടായി എന്നായിരുന്നു ആരോപണം.

അന്ന് ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഉന്നതപദവികള്‍ പിന്നീട് ലഭിച്ചതുകൊണ്ടു തന്നെ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. വിനോദ് റായി കേന്ദ്രമന്ത്രിയുടെ പദവിയുള്ള ബാങ്കിംഗ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനായി. ജനറല്‍ വികെ സിംഗ് രണ്ടു തവണ ബിജെപി എംപിയും 7 വര്‍ഷമായി കേന്ദ്രമന്ത്രിയുമാണ്. കിരണ്‍ ബേദി പുതുശേരി ഗവര്‍ണറാക്കപ്പെട്ടു. ബാബാ രംദേവ് സഹസ്രകോടികളുടെ സംരംഭകനായി. നിരവധി സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന് സൗജന്യനിരക്കില്‍ ഭൂമി ലഭിച്ചു. അണ്ണാഹസാരെ മോദിക്കെതിരേ ശബ്ദിക്കാതെ നിശബ്ദനായി കഴിയുന്നു. അരവിന്ദ് കേജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായപ്പോള്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി. വലിയൊരു ആരോപണം കെട്ടിപ്പൊക്കിയ ഇവരെല്ലാം നേട്ടങ്ങള്‍ കൊയ്തപ്പോള്‍, ടെലികോം മേഖലയില്‍ ഇന്ത്യയുടെ കുതിപ്പാണ് നിലച്ചത്.

ജി സ്‌പെക്ട്രം കേസിലെ കുറ്റപത്രം വളരെ ആസൂത്രിതമായിരുന്നു എന്നാണ് സ്‌പെഷല്‍ ജഡ്ജ് ഒപി സൈനി വിശേഷിപ്പിച്ചതെന്ന് സല്‍മാന്‍ ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി.