തൃശൂര്‍ മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് മാരക മയക്കുമരുന്ന് വില്‍പ്പന; അഞ്ച് പേര്‍ പിടിയില്‍

Jaihind Webdesk
Wednesday, June 23, 2021

തൃശൂര്‍ : മാരക മയക്കു മരുന്നായ എംഡിഎംഎയുമായി 5 യുവാക്കൾ പൊലീസിന്‍റെ പിടിയിലായി. മെഡിക്കല്‍ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് വിൽപ്പനക്കായി കൊണ്ടുവന്നതാണ് എംഡിഎംഎ.

മെഡിക്കൽ കോളേജ് പൊലീസാണ് പ്രതികളെ പിടികൂടിയത്. തൃശ്ശൂര്‍ മങ്ങാട് സ്വദേശികളായ ജിത്തു തോമസ്, അഭിജിത്ത്, നെല്ലുവായി സ്വദേശി ശരത്ത്, കാണിപ്പയ്യൂർ സ്വദേശി രഞ്ചിത്ത്, കുണ്ടന്നൂർ സ്വദേശി സനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായാവരിൽ പലരും മുമ്പ് കഞ്ചാവ് കേസിലെ പ്രതികളാണ്. ജിത്തു, ശരത്ത്, അഭിജിത്ത് എന്നിവരാണ് കാറിൽ സഞ്ചരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനുള്ള ആസൂത്രണങ്ങൾ നടത്തിയത് കുണ്ടന്നൂരിലെ സനീഷിന്റെ വീട്ടിൽ വെച്ചാണെന്ന് പോലീസ് കണ്ടെത്തി.

സംഘത്തിന് എംഡിഎംഎ വിതരണം ചെയ്യുന്നയാളെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മയക്കു മരുന്നിന്‍റെ ആവശ്യകതയനുസരിച്ചാണ് വില ഈടാക്കുന്നത്. 5000 രൂപ മുതൽ 10,000 രൂപവരെയാണ് അര ഗ്രാം എം.ഡി.എം.എയ്ക്ക് പ്രതികൾ ഈടാക്കിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത് . മെഡിക്കൽ കോളേജ് സ്റ്റേഷൻ എസ്. എച്ച്.ഒ അനന്തലാലും സംഘവുമാണ് പ്രതികളെ പിടികൂടിയത്.