ഒമാനില്‍ ഇനി 150 റിയാല്‍ ശമ്പളമുള്ള പ്രവാസികള്‍ക്കും കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാം. റോയല്‍ ഒമാന്‍ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കുടുംബ വിസ ലഭിക്കാന്‍ ആവശ്യമായ പ്രതിമാസ ശമ്പളത്തില്‍ ഒമാന്‍ ഭരണകൂടം അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. മലയാളികളുള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം.
ഒമാനില്‍ കുടുംബ പുനരേകീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഒപ്പം വിദഗ്ധരായ വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനും ഈ വിസാ നിയമം സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നേരത്തെ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ 300 ഒമാന്‍ റിയാല്‍ വരെ പ്രതിമാസ വരുമാനം രേഖകളില്‍ ആവശ്യപ്പെട്ടിരുന്നു. ഫലത്തില്‍ ഇനി കൂടുതല്‍ കുടുംബാംഗങ്ങള്‍ക്ക് പുതിയ നിയമത്തിന്‍റെ പ്രയോജനം ലഭിക്കും.