കെഎസ്ആർടിസി ശമ്പളം മുടങ്ങി; തലകുത്തി നിന്ന് പ്രതിഷേധിച്ച് ജീവനക്കാരന്‍

Jaihind Webdesk
Thursday, March 14, 2024

ഇടുക്കി: കെഎസ്ആർടിസി ശമ്പളം മുടങ്ങിയതില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി ജീവനക്കാരന്‍. തലകുത്തി നിന്നാണ് പ്രതിഷേധിക്കുന്നത്.  മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കെ.എസ്. ജയകുമാറാണ് പ്രതിഷേധം നടത്തിയത്. അര മണിക്കൂറോളം തലകുത്തി നിന്ന് ജയകുമാര്‍ പ്രതിഷേധിച്ചു. താൻ സ്വായത്തമാക്കിയ അയോധനകലയുടെ മാർഗ്ഗത്തിലൂടെയാണ് വ്യത്യസ്തമായ പ്രതിഷേധം.

അടിമാലി സ്വദേശിയായ ഇദ്ദേഹം ബിആർഎം ജീട് കുനേ ദോ അടിമാലി അക്കാദമിയിൽ വർഷങ്ങളായി പരിശീലനം നേടുന്നയാളും, കളരി, യോഗ എന്നീ കലകൾ അഭ്യസിച്ചയാളുമാണ്. പതിമൂന്നാം തീയ്യതി ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതായതോടെയാണ് ഈ തീരുമാനം. സഹപ്രവര്‍ത്തകരും ജയകുമാറിന് പിന്തുണയായി കൂടെയുണ്ടായിരുന്നു. ഇനിയും ശമ്പളം കിട്ടിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് അറിയിച്ചു.