സാക്ഷി മാലിക് ​ഗുസ്തി അവസാനിപ്പിച്ചു; സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ല, പൊട്ടിക്കരഞ്ഞ് താരം

Jaihind Webdesk
Thursday, December 21, 2023

സാക്ഷി മാലിക് ​ഗുസ്തി അവസാനിപ്പിച്ചു. ​ഇന്ത്യയുടെ അഭിമാന താരമാണ് സാക്ഷി മാലിക്. ഗുസ്തി ഫെ‍ഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ യാദവ് പ്രതിയായ ലൈം​ഗികാതിക്രമ കേസിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ​

ഗുസ്തി ഫെഡറേഷന്‍ പുതിയ അധ്യക്ഷനെ തെര‍ഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് താരത്തിന്‍റെ ഈ തീരുമാനം. തുടർന്ന് വാർത്താസമ്മേളനത്തിന് പിന്നാലെ സാക്ഷി മാലിക്ക് തന്‍റെ ബൂട്ടുകൾ പ്രസ് ക്ലബ്ബിൽ ഉപേക്ഷിച്ചു. ആർഎസ്എസ് അനുഭാവിയായ സഞ്ജയ് സിങാണ് ​ഗുസ്തി ഫെ‍‍‍ഡറേഷന്‍റെ പുതിയ അധ്യക്ഷനായി തെര‍ഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പീഡനക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷണിന്‍റെ വിശ്വസ്തനും കൂടിയാണ് ഇയാള്‍.

മാധ്യമങ്ങൾക്ക് മുന്നിൽ സാക്ഷി മാലിക്ക് പൊട്ടിക്കരഞ്ഞു. ​ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിൽ കേന്ദ്രം നിരവധി വാ​ഗ്ദാനങ്ങൾ നൽകിയിരുന്നു. ആ വാ​ഗ്ദാനങ്ങളൊന്നും ഇതുവരെ പാലിച്ചില്ല. തങ്ങൾ പൂർണമായും കേന്ദ്ര സർക്കാരിനെ വിശ്വസിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പിന് മുമ്പെങ്കിലും വാ​ഗ്ദാനങ്ങൾ പാലിക്കുമെന്ന് കരുതിയിരുന്നുവെന്നും സാക്ഷി മാലിക് പറഞ്ഞു. ബജ്റം​ഗ് പുനിയയും വിനയ് ഫോ​ഗട്ടും സാക്ഷി മാലിക്കും ഒരുമിച്ചാണ് വാർത്താസമ്മേളനം നടത്തിയത്. എന്നാൽ ​സാക്ഷി മാത്രമാണ് ഗുസ്തി ഉപേക്ഷിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയത്.