G Sudhakaran| ‘എന്നെ ഉപദേശിക്കാന്‍ സജിക്ക് അര്‍ഹതയില്ല’; ‘അതിനുള്ള പ്രായവും പക്വതയും ആയിട്ടില്ല’: സജി ചെറിയാനെതിരെ ആഞ്ഞടിച്ച് ജി സുധാകരന്‍

Jaihind News Bureau
Wednesday, October 15, 2025

മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സജി ചെറിയാന്‍ ശ്രമിച്ചെന്നും, പുറത്താക്കിയെന്ന് പറഞ്ഞ് ചില സഖാക്കള്‍ പടക്കം പൊട്ടിക്കുകയും ടീ പാര്‍ട്ടി നടത്തുകയും ചെയ്തപ്പോള്‍ അതില്‍ സജി ചെറിയാനും പങ്കാളിയായിരുന്നെന്നും സുധാകരന്‍ ആരോപിച്ചു. സജി ചെറിയാനെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്നും, തന്നെക്കുറിച്ച് നല്ലത് പറയേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സജി ചെറിയാന്റെ കൂട്ടര്‍ തന്നെ ബി.ജെ.പിയിലേക്ക് വിടാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. തന്നോട് ഏറ്റുമുട്ടി ആരും ജയിച്ചിട്ടില്ലെന്ന് പറഞ്ഞ സുധാകരന്‍, സജി ചെറിയാന്‍ തന്നോട് ഫൈറ്റ് ചെയ്യാന്‍ വരേണ്ടതില്ലെന്നും അത് നല്ലതിനല്ലെന്നും മുന്നറിയിപ്പ് നല്‍കി. തന്നോട് ഫൈറ്റ് ചെയ്തവര്‍ ആരും ജയിച്ചിട്ടില്ല.

തെരഞ്ഞെടുപ്പിന് ശേഷം തനിക്കെതിരെ വന്ന പരാതി സജി ചെറിയാന്‍ അറിയാതെ പോകുമോ എന്നും അതില്‍ സജി ചെറിയാന്‍ പങ്കാളിയല്ലേ എന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടിക്കെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ ജി. സുധാകരന്‍, സജി ചെറിയാന്‍ പാര്‍ട്ടിക്ക് യോജിക്കാതെ സംസാരിക്കുന്നുവെന്നും പ്രതികരിക്കാന്‍ അറിയില്ലെന്നും കുറ്റപ്പെടുത്തി. ഈയിടെ പാര്‍ട്ടിക്ക് യോജിക്കാത്ത 14 പ്രസ്താവനകള്‍ സജി ചെറിയാന്‍ നടത്തിയെങ്കിലും പാര്‍ട്ടി വിലക്കിയില്ല. തന്നെ ഉപദേശിക്കാന്‍ സജി ചെറിയാന് പ്രായമോ യോഗ്യതയോ അര്‍ഹതയോ ഇല്ലെന്നും പുന്നപ്ര വയലാറിന്റെ മണ്ണില്‍ നിന്നാണ് താന്‍ സംസാരിക്കുന്നതെന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.