എന്തിന് രാജിയെന്ന് സജി ചെറിയാന്‍; മന്ത്രിയെ സംരക്ഷിച്ച് സിപിഎം

Jaihind Webdesk
Wednesday, July 6, 2022

 

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെ സംരക്ഷിച്ച് സിപിഎം. രാജി വെക്കില്ലെന്ന സൂചന നല്‍കി സജി ചെറിയാന്‍. എകെജി സെന്‍ററില്‍ ചേർന്ന അവയ്‌ലബിൾ സെക്രട്ടേറിയറ്റിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മന്ത്രി രാജിവെക്കില്ലെന്ന സൂചന നല്‍കിയത്. പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞല്ലോ എന്നും സജി ചെറിയാന്‍. അവയ്‌ലബിൾ സെക്രട്ടേറിയറ്റിന് ശേഷം സജി ചെറിയാന്‍ തിരിച്ചുപോയി.

മാധ്യങ്ങളുടെ ചോദ്യത്തിന് എന്താ പ്രശ്നമെന്നും, ഇന്നലെ എല്ലാം വിശദമായി പറഞ്ഞതല്ലേ എന്നുമായിരുന്നു സജി ചെറിയാന്‍റെ പ്രതികരണം. ഭരണഘടനയെയും ഭരണഘടനാ ശില്‍പ്പികളെയും അവഹേളിച്ച പ്രസംഗത്തില്‍ വ്യാപക പ്രതിഷേധം  ഉയരുകയും മന്ത്രിയുടെ രാജിക്കായി മുറവിളി ഉയരുകയും ചെയ്തതോടെ തുടർനടപടികൾ തീരുമാനിക്കാൻ സിപിഎം അവയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗം എകെജി സെന്‍ററിൽ ചേർന്നിരുന്നു. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും ടി.പി രാമകൃഷ്ണനും പങ്കെടുത്ത യോഗത്തിലേക്ക് മന്ത്രി സജി ചെറിയാനെ വിളിച്ചു വരുത്തുകയായിരുന്നു. ഈ യോഗത്തിന് ശേഷമാണ് സജി ചെറിയാന്‍ രാജി വെക്കില്ലെന്ന സൂചന നല്‍കിയത്.