സജി ചെറിയാന്‍ മതമേലധ്യക്ഷന്മാരോട് മാപ്പ് പറയണം; ജോസ് കെ. മാണി നിലപാട് തിരുത്തണമെന്നും മോന്‍സ് ജോസഫ്

Jaihind Webdesk
Tuesday, January 2, 2024

 

കോട്ടയം: മന്ത്രി സജി ചെറിയാൻ നടത്തിയ വാർത്താസമ്മേളനം കബളിപ്പിക്കലെന്ന് മോൻസ് ജോസഫ് എംഎൽഎ. വാർത്താ സമ്മേളനം നടത്തിയപ്പോൾ അദ്ദേഹം പറഞ്ഞത് പ്രസ്താവന പിൻവലിക്കുന്നില്ലെന്നും അതിൽ ഉറച്ചുനിൽക്കുന്നു എന്ന് ആണ്. ‘രോമാഞ്ചം’, ‘കേക്ക്’, ‘വീഞ്ഞ്’ എന്നീ മൂന്നു വാക്കുകൾ മാത്രം പിൻവലിച്ചതിന് പിന്നാലെ അദ്ദേഹം തന്‍റെ പ്രസ്താവനയില്‍ ഉറച്ചു നിൽക്കുകയാണ് ചെയ്തതെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.

ക്രൈസ്തവന്മാരെ അപമാനിച്ച മന്ത്രിയുടെ പ്രസ്താവന തിരുത്താതിരിക്കുന്നതും, അതിൽ ഉറച്ചുനിൽക്കുന്നതും അതിനെ പിന്താങ്ങുന്നതും സർക്കാരിനും പാർട്ടിക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. മന്ത്രിസ്ഥാനത്തിന് ഒരിക്കലും ചേർന്ന കാര്യമല്ല സജി ചെറിയാൻ പറഞ്ഞത്. അതിനാൽ അദ്ദേഹം ഈ വിഷയത്തിൽ മതമേലധ്യക്ഷന്മാരോട് എത്രയും വേഗം മാപ്പ് പറയണം. അദ്ദേഹം അതിനു തയാറാകുന്നില്ലെങ്കിൽ സിപിഎം മാപ്പു പറയണം.

മന്ത്രി സജി ചെറിയാന്‍റെ പരാമർശത്തെ ജോസ് കെ. മാണി അനുകൂലിക്കുന്നത് പരിതാപകരമാണ്. ജോസ് കെ മാണിയുടെ നിലപാട് ഏറ്റവും വലിയ അനീതിയാണ്. അദ്ദേഹം പ്രതിനിധീകരിക്കുന്ന അടിസ്ഥാന ജനവിഭാഗത്തെ തള്ളിപ്പറയുന്ന ഒരാളുടെ ഒപ്പം നിൽക്കുന്നത് ഏറ്റവും വലിയ നിർഭാഗ്യകരമാണ്. ജോസ് കെ. മാണി നിലപാട് തിരുത്തണമെന്നും മോൻസ് ജോസഫ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.