
കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ മുറിവേൽപ്പിക്കുന്ന രീതിയിലാണ് മന്ത്രി സജി ചെറിയാന്റെ പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. മലപ്പുറത്തെയും കാസർഗോഡിനെയും ഉദാഹരണമാക്കി, ജയിച്ചു വരുന്നവരുടെ പേരുകൾ നോക്കി വർഗീയത അളക്കണമെന്ന മന്ത്രിയുടെ വാദം അത്യന്തം അപകടകരമാണ്. ജനപ്രതിനിധികളെ അവരുടെ പ്രവർത്തന മികവിനേക്കാൾ ഉപരി സമുദായത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുന്ന രീതി രാഷ്ട്രീയ കേരളത്തിന് അപരിചിതവും ജനാധിപത്യ വിരുദ്ധവുമാണ്.
കാസർഗോഡ് നഗരസഭയിലെയും മലപ്പുറം ജില്ലാ പഞ്ചായത്തിലെയും ജനപ്രതിനിധികളെ സമുദായത്തിന്റെ പേരിൽ വേർതിരിച്ചു കാണിക്കുന്നത് വഴി മന്ത്രി ലക്ഷ്യം വെക്കുന്നത് കൃത്യമായ വർഗീയ ധ്രുവീകരണമാണ്. “സമുദായത്തിന് ഭൂരിപക്ഷമില്ലാത്തവർ എവിടെ നിന്നാലും ജയിക്കില്ല” എന്ന മന്ത്രിയുടെ നിരീക്ഷണം വോട്ടർമാരുടെ വിവേചനബുദ്ധിയെ വെല്ലുവിളിക്കുന്നതാണ്. കേരളത്തെ ഉത്തർപ്രദേശിനോടും മധ്യപ്രദേശിനോടും ഉപമിക്കുമ്പോൾ, യഥാർത്ഥത്തിൽ അത്തരം ഒരു ചേരിതിരിവ് കേരളത്തിൽ ഉണ്ടാക്കാൻ ഭരണത്തിലിരിക്കുന്നവർ തന്നെ ശ്രമിക്കുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഒരു വശത്ത് മതനിരപേക്ഷതയെക്കുറിച്ച് പ്രസംഗിക്കുകയും മറുവശത്ത് വോട്ടർമാരെയും ജനപ്രതിനിധികളെയും സമുദായത്തിന്റെ കള്ളിയിൽ ഒതുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് മന്ത്രി ഇവിടെ പ്രകടിപ്പിക്കുന്നത്. സമുദായങ്ങൾ പരസ്പരം സംഘടിക്കുന്നു എന്ന് പറയുന്നതിലൂടെ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. വികസനവും രാഷ്ട്രീയവും ചർച്ചയാകേണ്ട തിരഞ്ഞെടുപ്പ് കളത്തിൽ സമുദായ കാർഡ് ഇറക്കി കളിക്കുന്ന സജി ചെറിയാന്റെ നിലപാട് കേരളത്തിന്റെ പൊതുമണ്ഡലത്തിൽ വലിയ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുകയാണ്.
അതേസമയം,മന്ത്രി സജി ചെറിയാന്റെ വിവാദമായ സമുദായ പരാമർശത്തിന് പിന്നാലെ, തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്ന വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി. രാഷ്ട്രീയ എതിരാളികൾ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും, താൻ പറഞ്ഞത് നിലവിലെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.