സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ ഇന്ന്; സംസ്ഥാന വ്യാപക കരിദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, January 4, 2023

 

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്ക് നടുവിൽ സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം 4 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാദിനമായ ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലത്തിൽ നേതാക്കളും പ്രവർത്തകരും കറുത്ത കൊടികൾ ഉയർത്തിയും ബാഡ്ജ് ധരിച്ചും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന വൈകിട്ട് 4 മണിക്ക് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരങ്ങൾ നടക്കും. രാജ്ഭവനിലേക്ക് രാവിലെ കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും. തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കും.