സജി ചെറിയാന്‍ രാജിവെക്കണം, രഞ്ജിത്ത് സ്ഥാനം ഒഴിയണം: സർക്കാർ വേട്ടക്കാർക്ക് വഴങ്ങിയെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, August 24, 2024

 

കൊച്ചി: മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പരാതി നല്‍കിയാല്‍ മാത്രമേ കേസെടുക്കൂ എന്നു പറയുന്ന സജി ചെറിയാന്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അർഹനല്ലെന്നും രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മന്ത്രി സജി ചെറിയാന്‍ ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെക്കാന്‍ കൂട്ടുനില്‍ക്കുകയും റിപ്പോർട്ടില്‍ കൃത്രിമം കാണിച്ച് പുറത്തുവിടുകയും ചെയ്തു. വേട്ടക്കാരെ ന്യയീകരിക്കുകയും ഇരകളെ തള്ളിപ്പറയുകയും ചെയ്തു. നിയമപരമായ ഉത്തരവാദിത്വം നിറവേറ്റാതെ പരാതി നല്‍കിയാന്‍ മാത്രമേ കേസെടുക്കൂ എന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത സജി ചെറിയാന്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അർഹനല്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സർക്കാർ ഇരകളുടെ ഭാഗം കേള്‍ക്കുന്നില്ല, വേട്ടക്കാർക്ക് വഴങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളാർ കേസുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമർശം കുറ്റസമ്മതമാണെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.