
പഴയ സിനിമകളിൽ കണ്ടുശീലിച്ച, നാട്ടുകാരെ വിറപ്പിക്കുന്ന ആ ‘ചെറിയാച്ചൻ’ അല്ല നമ്മുടെ ഇന്നത്തെ സജിച്ചായൻ. ഇദ്ദേഹം വായ തുറന്നാൽ വിറയ്ക്കുന്നത് നാട്ടുകാരല്ല, സ്വന്തം പാർട്ടിയും മുന്നണിയുമാണ്. സജിച്ചായൻ ഒന്ന് വായ തുറന്നാൽ എ.കെ.ജി സെന്ററിലെ ചുമരുകൾ പോലും നെടുവീർപ്പിടുമെന്ന അവസ്ഥയാണ്. ഭരണഘടനയെക്കുറിച്ച് പണ്ട് നടത്തിയ ‘തലോടലിൽ’ മന്ത്രിപ്പണി പോയി കുറച്ചുകാലം വിശ്രമിച്ചപ്പോൾ എല്ലാവരും കരുതിയത് പുള്ളി നന്നാകുമെന്നാണ്. എന്നാൽ തിരിച്ചു വന്നത് പഴയതിലും വലിയ സാംസ്കാരിക ബോംബുകളുമായാണ്.
സാംസ്കാരിക മന്ത്രിയാണെങ്കിലും വായ തുറന്നാൽ വീഴുന്നത് സാംസ്കാരികമായ ഒന്നും ആയിരിക്കില്ല എന്നൊരു പ്രത്യേകതയുണ്ട്. ഇത്തവണ ഉന്നം വെച്ചത് ബിഷപ്പുമാരെയും കേക്കിനെയും വീഞ്ഞിനെയുമാണ്. ന്യൂനപക്ഷ സ്നേഹം പറഞ്ഞ് പാർട്ടിക്കാർ നടന്നു തേഞ്ഞ ചെരുപ്പുകൾ മാറ്റുന്നതിന് മുൻപേ സജിച്ചായൻ തന്റെ ‘മതേതര’ പ്രസംഗം കാച്ചി. ക്രിസ്മസ് വിരുന്നിന് ബിഷപ്പുമാർ പോയതിനെ വിമർശിച്ച മന്ത്രിയെ കണ്ട് അന്തം വിട്ടിരിക്കുന്നത് സംഘപരിവാറല്ല, സ്വന്തം പാർട്ടിക്കാർ തന്നെയാണ്. കേക്ക് കഴിച്ചാൽ ഷുഗർ കൂടുമെന്ന പേടിയാണോ അതോ ന്യൂനപക്ഷങ്ങളോട് പെട്ടെന്ന് വിരോധം തോന്നിയതാണോ എന്ന് സജിച്ചായന് മാത്രമേ അറിയൂ.
സജി ചെറിയാൻ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾക്ക് ന്യായീകരണ ക്യാപ്‌സ്യൂൾ ഇറക്കി മടുത്ത പാർട്ടി ഒടുവിൽ കൈമലർത്തി. ഇനി താങ്ങാൻ ഞങ്ങൾക്ക് ത്രാണിയില്ലെന്ന് സെക്രട്ടറിക്ക് പറയേണ്ടി വന്നു. പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയും അടുത്ത തിരഞ്ഞെടുപ്പിൽ പെട്ടിയിൽ വീഴുന്ന വോട്ടിനെ ബാധിക്കുമെന്ന് ഉറപ്പാകുകയും ചെയ്തപ്പോൾ, കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിക്കാൻ പാർട്ടി തീരുമാനിച്ചു. അങ്ങനെ നിയമസഭയിൽ എഴുന്നേറ്റു നിന്ന് ‘ഞാൻ അങ്ങനെ ഉദ്ദേശിച്ചില്ല, ഇങ്ങനെ ഉദ്ദേശിച്ചില്ല’ എന്ന് പറഞ്ഞ് സജിച്ചായൻ ആ വിഷം അങ്ങ് ഇറക്കി പശ്ചാത്തപിച്ചു.
പക്ഷേ, രാഷ്ട്രീയത്തിലെ ഈ സിനിമ ഇവിടെ കൊണ്ടൊന്നും തീരുന്ന ലക്ഷണമില്ല. സജിയാച്ചൻ ആദാമിനെപ്പോലെയാണ്; മുന്നിൽ വിവാദമെന്ന ‘വിലക്കപ്പെട്ട കനി’ കണ്ടാൽ പുള്ളിക്ക് കടിക്കാതെ ഇരിക്കാൻ കഴിയില്ല. എന്തായാലും ഖേദപ്രകടനം വന്ന സ്ഥിതിക്ക് ഇനി തൽക്കാലം പത്രസമ്മേളനം വേണ്ടെന്നാണ് എ.കെ.ജി സെന്ററിലെ തീരുമാനം. മൈക്ക് കണ്ടാൽ പ്രണയം ഉണരുന്ന കക്ഷിയായതുകൊണ്ട് വായ തുറന്നാൽ അടുത്ത ബോംബ് എവിടെ വീഴുമെന്ന് ആർക്കും പറയാനാവില്ല. ഈ പ്രായത്തിൽ ഇത്രയും വിവാദങ്ങൾ താങ്ങാനുള്ള ശേഷി പാർട്ടിക്കില്ലാത്തതുകൊണ്ട് ‘പ്രസ്താവന മതി, പ്രസ് മീറ്റ് വേണ്ട’ എന്ന പുതിയ നയത്തിലാണ് ഇപ്പോൾ സഖാക്കൾ.