ജനങ്ങളെ കൊള്ളയടിക്കാന്‍ ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് എഴുതിവെച്ചിരിക്കുന്നു: ഭരണഘടനക്കെതിരെ മന്ത്രി സജി ചെറിയാന്‍; വിവാദം

Jaihind Webdesk
Tuesday, July 5, 2022

പത്തനംതിട്ട: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഭരണഘടനയെയും കോടതിയെയും വിമർശിച്ച് നടത്തിയ പ്രസംഗം വിവാദത്തിൽ. പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച ചടങ്ങിലാണ് ഭരണഘടനയിൽ അവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് മന്ത്രി പ്രസംഗിച്ചത്.

ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്തത് എഴുതിവെച്ചിരിക്കുകയാണെന്നുമാണ് മന്ത്രി പ്രസംഗത്തിൽ പറയുന്നത്. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്ത്യയിൽ ഉള്ളതെന്നും സജി ചെറിയാൻ പ്രസംഗത്തിൽ പറയുന്നു.

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ ഭാഗത്തു നിന്ന് ഇത്തരത്തിൽ ഒരു പരാമർശമുണ്ടായത് വലിയ നിയമ പ്രശ്നങ്ങൾക്കും ഇടയാക്കും. സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു അടക്കമുള്ള നേതാക്കൾ പങ്കെടുത്ത വേദിയിലാണ് സജീ ചെറിയാന്‍റെ വിവാദ പ്രസംഗം. നിയമ വ്യവസ്ഥയെ പരസ്യമായി അവഹേളിക്കുന്നതും ഭരണഘടനയെപ്പോലും തള്ളിപ്പറയുകയും അവിശ്വാസം രേഖപ്പെടുത്തി പ്രസംഗിക്കുകയും ചെയ്യുന്നത് സിപിഎം ശൈലിയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.

ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ ധാർമ്മികത ഇല്ലാതായതായും മുഖ്യമന്ത്രി ഉടൻ സജി ചെറിയാന്‍റെ രാജി ആവശ്യപ്പെടണമെന്നുമാണ് നിയമ വിദഗധരുടെയും അഭിപ്രായം. മുഖ്യമന്ത്രി സജി ചെറിയാന്‍റെ രാജി ആവശ്യപ്പെട്ടില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ഭരണഘടനയോടുള്ള നിലപാടും സജി ചെറിയാന്‍റെ നിലപാടാണെന്ന് വിലയിരുത്തേണ്ടിവരും. മന്ത്രി സജി ചെറിയാൻ ബോധപൂർവം ഭരണഘടനയെ തള്ളിപ്പറഞ്ഞതോടെ ഭരണഘടനയിൽ വിശ്വസിക്കുന്ന ജനങ്ങളെ അപമാനിച്ചിരിക്കുന്നതായും ആരോപണം ഉയരുന്നു.