ജനപ്രതിനിധി ആകാൻ എന്തെല്ലാം പഠിക്കണം? പരിശീലന പദ്ധതിയുമായി സജീവ് ജോസഫ് എംഎൽഎ

Jaihind Webdesk
Sunday, August 28, 2022

ജനപ്രതിനിധി ആകാൻ എന്തെല്ലാം പഠിക്കണം? പാഠ്യവിഷയങ്ങൾ തയാറാക്കി പരിശീലനം നൽകാനുള്ള പദ്ധതിയുമായി ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ്. ‘എംഎൽഎയ്ക്ക് ഒപ്പം നടക്കാം’ എന്ന് പേരിട്ടിരിക്കുന്ന പാഠ്യപദ്ധതിയിൽ പാർലമെന്ററി പ്രവർത്തനങ്ങളും താഴെത്തട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കലും വിവിധ മേഖലകളിലെ സന്ദർശനവും ഉൾപ്പെടുന്നു

പാർലമെൻ്ററി സംവിധാനത്തെ കുറിച്ച് അവബോധം സൃഷ്ഠിക്കുക, ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരങ്ങൾ കണ്ടെത്തുക, സർക്കാരിൻ്റെ വിവിധ പദ്ധതികൾ, ഫണ്ടുകളുടെ വിനിയോഗം, നയരൂപീകരണത്തിൻ്റെ വിവിധ മേഖലകൾ എന്നിവ മനസിലാക്കുക എന്നിവയാണ് ഈ നൂതന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്. എംഎൽഎയുടെ ഓഫീസിലാണ് ഇൻ്റേൺഷിപ്പിന് അവസരം ഒരുക്കുന്നത്.

21 വയസ്സ് കഴിഞ്ഞ ബിരുദധാരികൾക്ക് പരിശീലനത്തിനായി അപേക്ഷിക്കാം. 3 മാസത്തെ മുഴുവൻ സമയ പരിശീലനത്തിനും 6 മാസ പാർട്ട് ടൈം പരിശീലനത്തിനുമുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ ബാച്ചിലും 10 പേർക്കാണ് അവസരം. തികച്ചും സൗജന്യമായാണ് പരിശീലനം. നിയമസഭാ നടപടിക്രമങ്ങളും നിയമ നിർമാണത്തിന്റെ വിവിധതലങ്ങളും മനസ്സിലാക്കാനും അവസരമൊരുക്കും. പാർലമെന്ററി നടപടിക്രമങ്ങൾ മനസ്സിലാക്കാൻ പലരും എംഎൽഎമാരെ സമീപിക്കുന്നതിൽനിന്നാണ് ആശയം ഉണ്ടായത്.

രാജ്യത്തിൻ്റെ അകത്തും പുറത്തുമുള്ള വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നതിനുമുള്ള അവസരവും ഒരുക്കും. എംഎൽഎയുടെ ഫെയിസ് ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പരിശീലനത്തിനായി നിരവധി പേർ താല്പര്യം പ്രകടിപ്പിച്ച് കൊണ്ട് അപേക്ഷ അയച്ചിട്ടുണ്ട്. ഈ മാസം അവസാനം വരെ അപേക്ഷ സ്വീകരിക്കും. പരിശീലനം അടുത്ത മാസം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സജീവ് ജോസഫ് എംഎൽഎ.