Saiyaara Movie| ബോളിവുഡില്‍ ‘സൈയാര’ കൊടുങ്കാറ്റ് : ബോക്‌സോഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പുതുമുഖങ്ങളുടെ ‘പ്രേമലു’ ; നാല് ദിവസം കൊണ്ട് 105 കോടി

Jaihind News Bureau
Wednesday, July 23, 2025

മുംബൈ: ബോളിവുഡിലെ താരരാജാക്കന്മാരെ ഞെട്ടിച്ചുകൊണ്ട് ഒരു റൊമാന്റിക് ചിത്രം ബോക്‌സോഫീസില്‍ തരംഗമാവുന്നു. പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെയെയും അനീത് പദ്ദയെയും പ്രധാന കഥാപാത്രങ്ങളാക്കി മോഹിത് സൂരി സംവിധാനം ചെയ്ത ‘സയാര’ എന്ന ചിത്രം റിലീസ് ചെയ്ത് വെറും നാല് ദിവസം കൊണ്ട് നേടിയത് 105.75 കോടി രൂപയാണ്. അക്ഷയ് കുമാര്‍, സണ്ണി ഡിയോള്‍ തുടങ്ങിയ വമ്പന്‍ താരങ്ങളുടെ സിനിമകളെ പിന്നിലാക്കിയാണ് ഈ അപ്രതീക്ഷിത കുതിപ്പ്. ഇതോടെ, 2025-ല്‍ ഇതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഏഴാമത്തെ ഹിന്ദി ചിത്രമായി ‘സയാര’ മാറി.

അക്ഷയ് കുമാറിന്റെ ‘കേസരി 2’, സണ്ണി ഡിയോളിന്റെ ‘ജാട്ട്’ തുടങ്ങിയ വമ്പന്‍ ചിത്രങ്ങളെ പിന്നിലാക്കിയാണ് ‘സയാര’യുടെ ഈ അവിശ്വസനീയ കുതിപ്പ്. ശക്തമായ കഥയും, ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും, സൂപ്പര്‍ഹിറ്റ് ഗാനങ്ങളും, യുവ പ്രേക്ഷകരെ ആകര്‍ഷിച്ച പുതുമുഖ ജോഡിയുമാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങള്‍. റിലീസ് ചെയ്ത വെള്ളിയാഴ്ച ചിത്രത്തിന്റെ കളക്ഷന്‍ 21.5 കോടിയായിരുന്നു. ഇതോടെ പുതിയ ഹിറ്റിന്റെ വരവ് അറിയിച്ചു. ഇത് തുടര്‍ന്നുള്ള ദിനങ്ങളില്‍ വര്‍ദ്ധിച്ചു. രണ്ടാം ദിവസം 26 കോടിയും മൂന്നാം ദിനമായ ഞായറാഴ്ച അത് 35.75 കോടിയുമായി

പുതിയ കണക്കുകള്‍ പ്രകാരം ചിത്രത്തിന്റെ ആകെ നേട്ടം 130.75 കോടിയിലെത്തി. ഇതോടെയാണ് അക്ഷയ് കുമാറിന്റെ ‘കേസരി 2’ (92.58 കോടി), സണ്ണി ഡിയോളിന്റെ ‘ജാട്ട്’ (88.72 കോടി) എന്നിവയെ ചിത്രം മറികടന്നത്. സിക്കന്ദര്‍’ ( 110.36 കോടി), ‘സ്‌കൈ ഫോഴ്‌സ്’ (113.62 കോടി) എന്നിവയാണ് ഇനി ‘സയാര’യ്ക്ക് മുന്നിലുള്ളത്. ചിത്രത്തിന്റെ കുതിപ്പ് കണക്കാക്കി അജയ് ദേവ് ഗണിന്റെ ‘സണ്‍ ഓഫ് സര്‍ദാര്‍ 2’ മാറ്റിവച്ചു. ഇതും ‘സയാര’യ്ക്ക് കൂടുതല്‍ ഗുണം ചെയ്യും. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച്, അടുത്ത 24 മണിക്കൂറിനുള്ളില്‍ ചിത്രം ‘സിക്കന്ദറി’നെയും ‘സ്‌കൈ ഫോഴ്‌സി’നെയും മറികടക്കുമെന്നും, ആദ്യ ആഴ്ച അവസാനിക്കുമ്പോള്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായി മാറുമെന്നും ഉറപ്പാണ്.

‘ആഷിക്വി 2’, ‘ഏക് വില്ലന്‍’ തുടങ്ങിയ റൊമാന്റിക് ഹിറ്റുകളിലൂടെ പ്രശസ്തനായ മോഹിത് സൂരി, ഹൃദയഭേദകമായ പ്രണയവും മികച്ച സംഗീതവും സമന്വയിപ്പിച്ച് ഒരിക്കല്‍ കൂടി പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ ഗാനരംഗങ്ങള്‍ ചിത്രീകരിച്ചി്ക്കുന്ന ലൊക്കേഷനുകളില്‍ കേരളവുമുണ്ട്. അഹാന്‍ പാണ്ഡെയും അനീത് പദ്ദയും തമ്മിലുള്ള കെമിസ്ട്രി ജെന്‍-Z പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗമായി മാറി. സിനിമയുടെ റൊമാന്റിക് ട്രീറ്റ്‌മെന്റ് കോളേജ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും വലിയ തോതില്‍ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുകയാണ്.

ഒരു സൂപ്പര്‍താര പരിവേഷവുമില്ലാതെ, ഉള്ളടക്കത്തിന്റെ കരുത്തില്‍ മാത്രം ഒരു സിനിമയ്ക്ക് എത്രത്തോളം പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ‘സയാര’.മികച്ച ഉള്ളടക്കത്തിന്റെ കരുത്തിലാണ് ഒരു സിനിമയുടെ യഥാര്‍ത്ഥ വിജയമെന്ന് ‘സൈയാര’ അടിവരയിടുന്നു. ബോളിവുഡില്‍ കഥയ്ക്കും പുതുമയ്ക്കും എപ്പോഴും സ്ഥാനമുണ്ടെന്ന് ഈ വിജയം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.