മലേഷ്യൻ മാസ്റ്റേഴ്സ് ടൂർണമെന്‍റ് : സെമിയിൽ തകർന്നടിഞ്ഞ് സൈന; ഒപ്പം ഇന്ത്യൻ പ്രതീക്ഷകളും

മലേഷ്യൻ മാസ്റ്റേഴ്സ് സൂപ്പർ 500 ടൂർണമെന്‍റിന്‍റെ സെമിയിൽ തകർന്നടിഞ്ഞ് സൈനയും ഇന്ത്യൻ പ്രതീക്ഷകളും. സീസണിന്റെ തുടക്കം മുതൽ അത്ര ശുഭകരമായിരുന്നില്ല ഇന്ത്യൻ പോരാട്ടം.

വനിതാ വിഭാഗം സിംഗിൾസ് സെമിയിൽ സൈന നെഹ് വാളിനെ ലോകചാമ്പ്യൻ കരോലിന മറിൻ കീഴടക്കി. 21-16, 21-13 എന്ന സ്‌കോറിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈനയുടെ പരാജയം.
കളിയിൽ മികച്ച തുടക്കം ലഭിച്ച സൈന ഒരുവേള ഫസ്റ്റ് ഗെയിമിൽ 14-14 എന്ന് വരെയെത്തി. എന്നാൽ ഫോമിൽ കളിക്കുന്ന കരോലിനയ്ക്ക് ആറ് പോയിന്‍റ് തുടരെ ലഭിച്ചതോടെ സൈന പതറി. കരോലിനയുടെ സ്പീഡും, പ്ലേസ്മെന്റും, സ്മാഷുകളും പെർഫെക്ഷനിലേക്ക് വന്നതോടെ സൈനയ്ക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല.

മികച്ച പ്രകടനം നടത്താനായില്ലെന്നും ഇതുവരെ കിരീടം നേടാനായിട്ടില്ലാത്ത ഇന്തോനേഷ്യൻ മാസ്റ്റേഴ്സിലേക്കാണ് ഇനി ശ്രദ്ധയെന്നും മത്സരത്തിന് ശേഷം സൈന പറഞ്ഞു. പ്രധാന ടൂർണമെന്റുകളിലെല്ലാം സൈനയ്ക്ക് വെല്ലുവിളിയായി എത്താറുള്ള നസോമി ഒകുഹാരയെ ക്വാർട്ടറിൽ തോൽപ്പിച്ചായിരുന്നു സെമിയിലേയ്ക്ക് സൈന എത്തിയത്. സൈന പുറത്തായതോടെ ടൂർണമെന്റിലെ ഇന്ത്യൻ പ്രതീക്ഷകളും അസ്തമിച്ചു.

പുരുഷന്മാരുടെ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് ക്വാർട്ടർ ഫൈനലിൽ സൗത്ത് കൊറിയയുടെ സൺ വാൻ ഹോയോട് തോറ്റ് പുറത്തായിരുന്നു.

saina nehwalMalaysia Masters
Comments (0)
Add Comment