ദുബായ് : ബാഹുബലി സിനിമയിലൂടെ ലോകശ്രദ്ധ നേടിയ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിന്റെ ഏറ്റവും പുതിയ സിനിമയായ ‘സാഹോ’ എന്ന ആക്ഷന്‍-ത്രില്ലര്‍ സിനിമയ്ക്ക് അറബ് ലോകത്തും ആവേശത്തോടെ തുടക്കം. സിനിമയുടെ ലോകത്തെ ആദ്യ പ്രീമിയിര്‍ പ്രദര്‍ശനനത്തിന് ദുബായിലെ അഞ്ച് ഐമാസ് തിയറ്റുകള്‍ തയാറാക്കിയിരുന്നു. എന്നാല്‍ സിനിമയുടെ കീ ഡെലിവറി മെസേജ് (കെ.ഡി.എം) എന്ന പാസ്വേര്ഡ് വൈകി. ഇതോടെ നേരത്തെ തീരുമാനിച്ച ഹിന്ദി എഡിഷന് എന്ന ലോകത്തെ ആദ്യ ഷോയുടെ റിലീസ് സാങ്കേതിക കാരണങ്ങളാല്‍ വൈകി. പകരം തെലുങ്ക് ഭാഷയിലുളള സാഹോ സിനിമ പ്രദര്‍ശിപ്പിച്ചായിരുന്നു ആദ്യ തുടക്കം. ഇതോടെ ഏറെ ആവേശത്തോടെ ഹിന്ദി ഭാഷയിലുള്ള സിനിമ കാണാന്‍ ടിക്കറ്റ് ബുക്ക് ചെയത് തിയറ്ററിലെത്തിയ യു.എ.ഇ സ്വദേശികളായ സിനിമാ പ്രേമികളും കുടുംബങ്ങളും നിരാശരായി. പിന്നീട് ഇവര്‍ക്ക് മറ്റൊരു ദിവസത്തേയ്ക്ക് ടിക്കറ്റ് മാറ്റി കൊടുത്തു. അറബ് സ്വദേശികള്‍ക്ക് ഹിന്ദി സിനിമകളോടും ബോളിവുഡ് നടന്മാരാടുമുള്ള പ്രത്യേക താല്പര്യം പരിഗണിച്ചാണ് ഇവര്‍ കുടുംബസമ്മേതം ആദ്യ ഷോയ്ക്ക് എത്തിയത്. തുടര്‍ന്ന് ഇവര്‍ക്ക് നേരിട്ട ബുദ്ധിമുട്ടിന് ജീവനക്കാര്‍ തിയേറ്ററിനുള്ളില്‍ എത്തി മാപ്പ് പറഞ്ഞു.
യു.എ.ഇയില്‍ സാഹോയുടെ സിനിമാ പ്രദര്‍ശനം സാങ്കേതിക കാരണങ്ങളാല്‍ വൈകിയത് മൂലം അറബ് അധികൃതര്‍ ടിക്കറ്റിന്റെ പണം മടക്കി കൊടുക്കുന്നു
ദുബായിലെ മാള്‍ ഓഫ് ദി എമിറേറ്റ്സ്, ഐ എം ജി വേള്‍ഡ്, മിര്‍ദിഫ് സിറ്റി സെന്റര്‍, ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ഷാര്‍ജ സിനിമാ സിറ്റി എന്നിവിടങ്ങളിലെ ഐമാക്സ് തിയറ്ററുകളിലാണ് വ്യാഴാഴ്ച ( ഓഗസ്റ്റ് 29 ) രാത്രി ലോകത്തെ ആദ്യ ഷോ ഒരുക്കിയത്. എന്നാല്‍ ഇന്ത്യയിലെ സമയക്രമം അനുസരിച്ച് സാങ്കേതികമായി സംഭവിച്ച കാലതാമസം ഹിന്ദി ഭാഷയിലുള്ള ആദ്യ ഷോയെ ബാധിക്കുകയായിരുന്നു. എന്നാല്‍ ഇതേസമയം തെലുങ്ക് ഭാഷയിലുള്ള പടം കാണിച്ച് ടിക്കറ്റ് എടുത്തവരെയും പ്രത്യേകം ക്ഷണിക്കപ്പെട്ട് എത്തിയവരെയും സംഘാടകര്‍ സംതൃപ്തരാക്കി. ചിലര്‍ അറബിക്-ഇംഗ്ളീഷ് സബ്ടൈറ്റില്‍ വായിച്ച് സിനിമ മനസിലാക്കി. പ്രഭാസ്, ശ്രദ്ധാ കപൂര്‍, ജാക്കി ഷെറോഫ് ഉള്‍പ്പടെയുള്ള വന്‍ താര നിര അഭിനയിച്ച 350 കോടി രൂപ മുതല്‍ മുടക്കിലുള്ള മറ്റൊരു ബിഗ് ബജറ്റ് ഇന്ത്യന്‍ സിനിമയാണ് സാഹോ.
ഗള്‍ഫ് ചരിത്രത്തില്‍ ആദ്യമായി യു.എ.ഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമായി ആകെ 385 സ്ക്രീനുകളിലാണ് സിനിമ വെള്ളിയാഴ്ച മുതല്‍ പ്രദര്‍ശനം ആരംഭിച്ചത്. ഇത്രയും തിയേറ്ററുകളില്‍ ഒരേസമയം സിനിമ പ്രദര്‍ശിപ്പിച്ച ഗള്‍ഫ് റെക്കോര്‍ഡും ഇനി സാഹോയ്ക്ക് മാത്രമാണെന്ന് വിതരണക്കാരായ പാര്‍സ് ഫിലിംസ് അധികൃതര്‍ ദുബായില്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. സാഹോയ്ക്ക് ആകെ നാല് ഭാഷകളിലായി ഹിന്ദി (64 ), തെലുങ്ക് (46), തമിഴ് (46 ), മലയാളം (33) എന്നീ ഭാഷകളിലായി 189 സ്ക്രീനുകളാണ് യു.എ.ഇയില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നത്. സിനിമയുടെ സംഘട്ടന സീനുകള്‍ ഉള്‍പ്പടെയുള്ള പ്രധാന ഭാഗങ്ങള്‍ ദുബായിയിലും അബുദാബിയിലുമായാണ് ചിത്രീകരിച്ചത്. ഇനി ‘ബാഹുബലി’ പോലെ ഈ ഇന്ത്യന്‍ സിനിമയും എത്ര കോടികള്‍ വാരും എന്ന കാത്തിരിപ്പിലാണ് അറബ് സിനിമാ ലോകം.