സാഹിതി തിയേറ്റേഴ്സ് അഭിമാനപുരസരം അവതരിപ്പിക്കുന്നു ‘വിലാസം താൽക്കാലികം’

Jaihind Webdesk
Friday, August 18, 2023

 

തിരുവനന്തപുരം: മലയാള നാടകത്തിന് ഒരുപിടി നല്ല നാടകങ്ങൾ സമ്മാനിച്ച സാഹിതി തിയറ്റേഴ്‌സ് തിരുവനന്തപുരം ഒരു ഇടവേളയ്ക്കു ശേഷം ‘വിലാസം താൽക്കാലികം’ എന്ന നാടകത്തിലൂടെ വീണ്ടും അരങ്ങിലേക്കെത്തുന്നു. ഹേമന്ത് കുമാർ-രാജേഷ് ഇരുളം കൂട്ടുകെട്ടാണ് നാടകത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

ജനിച്ച മണ്ണിൽ മേൽ വിലാസമില്ലാത്തവരായി മാറേണ്ടി വരുന്ന ചില മനുഷ്യരുടെ കഥ പറയുകയാണ് വിലാസം താൽക്കാലികം നാടകം . രണ്ടു തരം പൗരന്മാരുള്ള ഒന്നായി നമ്മുടെ സമൂഹം മാറുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠകൾ നാടകം പങ്കുവെക്കുന്നു. ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളിൽ നിന്നും വിഭവാധികാരങ്ങളിൽ നിന്നും അകറ്റിനിർത്തപ്പെടുന്ന നാടകത്തിലെ ഈ ജീവിതങ്ങൾ നമ്മുടെ കപട പുരോഗമന വാദങ്ങളിലെ പൊളിച്ചെഴുതുന്നു. അധികാരകേന്ദ്രങ്ങളോട് ഒട്ടി നില്‍ക്കാൻ തിടുക്കം കൂട്ടുന്ന ബുദ്ധിജീവി സമൂഹവും സാംസ്‌കാരിക ലോകവും കാണാതെ പോകുന്ന ഇത്തരം പാർശ്വവത്കൃത മനുഷ്യരുടെ നാവായി മാറുകയാണ് ഇവിടെ നാടകം. ഒരു ദൃശ്യകല എന്നതിനപ്പുറം സാമൂഹ്യ പരിവർത്തന പരിശ്രമങ്ങളിൽ ചരിത്രപരമായ പങ്കു വഹിച്ചിട്ടുള്ള ഒന്നാണ് നാടകം. ഒരു മൂലധന കലയല്ലാത്തത് കൊണ്ട് തന്നെ സമൂഹത്തിലെ ഏതു പ്രതിലോമ അവസ്ഥകൾക്കെതിരെയും പ്രതികരിക്കാനും നിലകൊള്ളാനുമുള്ള നാടകമെന്ന മനുഷ്യപക്ഷ കലയുടെ സാധ്യതകൾ വർത്തമാനകാല സാഹചര്യങ്ങളിൽ പ്രയോഗവത്കരിക്കാൻ ശ്രമിക്കുകയാണ് സാഹിതി.

കാലികവും നൂതനവുമായ രംഗാവിഷ്കാരങ്ങളിലൂടെ മലയാള മുഖ്യധാരാ നാടകവേദിക്ക് പുതിയൊരു ദിശാബോധം നൽകുകയും സംഗീത നാടക അക്കാദമിയുടെ നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്ത ഹേമന്ത് കുമാർ-രാജേഷ് ഇരുളം കൂട്ടുകെട്ടാണ് സാഹിതിക്കു വേണ്ടി വിലാസം താൽക്കാലികം എന്ന നാടകത്തിനു രചനയും സംവിധാനവും നിർവഹിക്കുന്നത്. വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ എന്നിവർ ഗാനരചന നിർവഹിക്കുന്ന നാടകത്തിനുവേണ്ടി റെജി ഗോപിനാഥ്‌ സംഗീതവും അനിൽ മാള പശ്ചാത്തല സംഗീതവും നൽകുന്നു. മലയാള നാടക വേദിയിലെ ഒട്ടേറെ പ്രഗത്ഭരായ കലാകാരൻമാർ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന ഈ നാടകം നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ ആദ്യ അവതരണം നടത്തും.

ഏതെങ്കിലും തരത്തിലുള്ള പ്രൊപ്പഗാണ്ടാ സ്വഭാവമോ ദുർഗ്രഹതയോ ഇല്ലാതെ റിയലിസ്റ്റിക് രീതിയിലാണ് നാടകം ഒരുക്കുന്നത്. മണ്ണിൽ ചവിട്ടി നിന്ന് മനുഷ്യർക്ക് മനസിലാകുന്ന ഭാഷയിൽ മനുഷ്യന് വേണ്ടി സംസാരിക്കുന്ന നാടകമെന്നാണ് അണിയറ പ്രവർത്തകർ തന്നെ ഈ നാടകത്തെ വിലയിരുത്തുന്നത് .

രചന : ഹേമന്ത് കുമാർ

കവിത, ഗാനങ്ങൾ: വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ

സംഗീതം : റെജി ഗോപിനാഥ്‌

പാശ്ചാത്യസംഗീതം : അനിൽ മാള

രംഗപടം : സഗാസിറ്റി ആർട്സ് മീഡിയ, മണ്ണുത്തി, തൃശൂർ

ദീപ സംവിധാനം & നാടക സംവിധാനം; രാജേഷ് ഇരുളം

രംഗത്ത്:  മുരളി ബാബു , വിനോദ് മായന്നൂർ, സാജു മേനോൻ, സാബു ചേറായി, ചേട്ടൻ പനയ്ക്കൽ, സന്ധ്യ സഞ്ജു, സന്ധു ചാത്തനാർ.