വാൽപ്പാറ കൊലപാതക കേസിൽ പ്രതി സഫർഷാ വീണ്ടും അറസ്റ്റില്‍; നടപടി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയതിനെത്തുടർന്ന്

Jaihind News Bureau
Monday, June 1, 2020

വാൽപ്പാറ കൊലപാതക കേസിൽ പ്രതി സഫർഷായെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. തുടർന്ന് 2 മണിക്കൂറിനിടെയാണ് പ്രതിയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.

സ്കൂൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനും പ്രതിഭാഗവും ചേർന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യത്തിൽ വിട്ട പ്രതിയെ അറസ്റ്റ് ചെയ്യാനും – പോക്സോ കോടതിയിൽ ഹാജരാക്കാനും ഹൈക്കോടതി ഉച്ചക്ക്ശേഷം ഉത്തരവിട്ടിരുന്നു.

ആലപ്പുഴ സ്വദേശിനിയും, എറണാകുളം കലൂരിൽ താമസക്കാരിയുമായിരുന്ന 17 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ എറണാകുളം കുമ്പളം സ്വദേശി 32 കാരനായ സഫർഷായ്ക്കാണ് നേരത്തെ ജാമ്യം ലഭിച്ചത്. വിചാരണക്കോടതിയിൽ പോലീസ് കുറ്റപത്രം നൽകിയെന്ന വസ്തുത മറച്ചുവെച്ചാണ് ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടിയത്. പോലീസ് കുറ്റപത്രം സമർപ്പിച്ചില്ലെന്ന് പ്രോസിക്യൂഷൻ അഭിഭാഷകനും കോടതിയെ അറിയിച്ചിരുന്നു.

തെറ്റു മനസ്സിലായതോടെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. എന്നാൽ, ജാമ്യം നേടിയ പ്രതി ഇതിനകം ജയിലിൽനിന്ന് പുറത്തിറങ്ങി. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ പ്രതിയെ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി.