സ്വകാര്യവത്ക്കരണത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി ആർ.എസ്.എസ് അനുകൂല സംഘടനയും; രാജ്യത്തിന് ദുഃഖത്തിന്‍റെ ദിനമെന്നും ബി.എം.എസ്

Jaihind News Bureau
Sunday, May 17, 2020

 

ന്യൂഡല്‍ഹി: കൊവിഡിന്‍റെ മറവില്‍ രാജ്യത്തെ സുപ്രധാന മേഖലകളെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ബി.ജെ.പിക്കുള്ളിലും അതൃപ്തി. ധനമന്ത്രി നിർമല സീതാരാമന്‍റെ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ പ്രതിഷേധവുമായി ആര്‍.എസ്.എസ് അഫിലിയേറ്റഡ് തൊഴിലാളി സംഘടനമായ ഭാരതീയ മസ്ദൂർ സംഘ് (ബി.എം.എസ്) രംഗത്തെത്തി. കഴിഞ്ഞദിവസമാണ് ബഹിരാകാശം, പ്രതിരോധം, വ്യാമയാനം എന്നിവയുള്‍പ്പെടെ എട്ട് സുപ്രധാന മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം കേന്ദ്രം നടത്തിയത്.

ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പ്രഖ്യാപനം വന്ന ദിവസം രാജ്യത്തിന് ‘ദുഃഖത്തിന്‍റെ ദിന’മാണെന്ന് ഭാരതീയ മസ്ദൂര്‍ സംഘ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനം രാജ്യത്ത് തൊഴില്‍ നഷ്ടം രൂക്ഷമാക്കുമെന്ന് മസ്ദൂര്‍ സംഘ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്കും, ദേശീയ താല്‍പര്യങ്ങള്‍‌ക്കും എതിരാണ് കേന്ദ്രത്തിന്‍റെ സ്വകാര്യവല്‍ക്കരണ നയമെന്നും സംഘടന ചൂണ്ടിക്കാട്ടി.

ട്രേഡ് യൂണിയനുകളുമായും സാമൂഹിക പ്രതിനിധികളുമായും ബന്ധപ്പെട്ടവരുമായും കൂടിയാലോചനയ്ക്കും സംഭാഷണത്തിനും സർക്കാർ മടിക്കുന്നത് അവരുടെ ആശയങ്ങളിൽ ആത്മവിശ്വാസം ഇല്ലാത്തതിനാലാണെന്നും മസ്ദൂർ സംഘ് ജനറല്‍ സെക്രട്ടറി വിർജേഷ് ഉപാധ്യായ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഇത്തരം മാറ്റങ്ങള്‍ യാതൊരു ചര്‍ച്ചയ്ക്കും തയാറാകാതെയാണ് കൊണ്ടു വന്നിരിക്കുന്നത്. കേന്ദ്ര സർക്കാർ നീക്കം അപലപനീയമാണെന്നും സ്വകാര്യവത്ക്കരണ നീക്കത്തിനെതിരെ തങ്ങള്‍ നേരത്തെ തന്നെ പ്രക്ഷോഭത്തിലായിരുന്നുവെന്നതും ഉപാധ്യായ് ചൂണ്ടിക്കാട്ടി.

ഇത്തരം തെറ്റായ ആശയങ്ങള്‍ നടപ്പാക്കിലാക്കുന്നതിലൂടെ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഒരു ഗുണവുമുണ്ടാകില്ല. ഇത്തരം മാറ്റങ്ങള്‍‍ക്ക് ഏറെ വില കൊടുക്കേണ്ടി വരിക തൊഴിലാളികളാണ്. പ്രതിരോധം, കല്‍ക്കരി, ബഹിരാകാശം, എയര്‍പോര്‍ട്ടുകള്‍, ഊര്‍ജവിതരണം, ആണവോര്‍ജം എന്നിങ്ങനെ സുപ്രധാനമായ എല്ലാ മേഖലകളെയും സ്വകാര്യവല്‍ക്കരിക്കുകയാണ് ഏക മാർഗമെന്ന് ധരിക്കുന്നത് കേന്ദ്രത്തിന് ആശയദദാരിദ്ര്യമുള്ളതിനാലാണെന്നും ബി.എം.എസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.