തിരുവനന്തപുരം: മോദിയുടെ വിവാദ പരാമർശത്തിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി
പെരുമാറുന്നതായി എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. കേരള മുഖ്യമന്ത്രിയും കൂട്ടരും
നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം പോലും പറയുവാൻ തയാറാകാതെ രാഹുൽ ഗാന്ധിയെ വിമർശിക്കാൻ മാത്രമാണ് സമയം കണ്ടെത്തുന്നതെന്നും സച്ചിൻ പൈലറ്റ് കുറ്റപ്പെടുത്തി. ശശി തരൂരിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നെയ്യാറ്റിൻകരയെ ഇളക്കിമറിച്ച റോഡ് ഷോയിലും ബൈക്ക് റാലിയിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സച്ചിൻ പൈലറ്റ്.
മഴയിലും തോരാത്ത ആവേശമാണ് റോഡ് ഷോയില്‍ കാണാനായത്. യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർ തരൂരിനായി ബൈക്ക് റാലി സംഘടിപ്പിച്ചത്. പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ച് വഴിമുക്ക് മുതൽ നെയ്യാറ്റിൻകര ടൗൺ വരെ സച്ചിൻ പൈലറ്റ് നടത്തിയ റോഡ് ഷോ ആവേശത്തിരയിളക്കി. കേരള മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം പോലും പറയുവാൻ തയാറാകാതെ രാഹുൽ ഗാന്ധിയെ വിമർശിക്കാൻ മാത്രമാണ് സമയം കണ്ടെത്തുന്നതെന്ന് സച്ചിൻ പൈലറ്റ് നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ കുറ്റപ്പെടുത്തി. നിരവധി ആരോപണങ്ങളിൽ പെട്ടു കിടക്കുന്ന കേരള സർക്കാരിന് അതിനെതിരെ വ്യക്തമായ ഒരു മറുപടി പോലും പറയാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തെ ഉന്മൂലനം ചെയ്ത മോദി സർക്കാരിനെ പിന്തള്ളി ഇന്ത്യ മുന്നണി രാജ്യത്ത് അധികാരത്തിൽ എത്തുമെന്നും ആദ്യഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യ സഖ്യം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വിവാദ പരാമർശത്തിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നതായി പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 10 വർഷത്തെ ബിജെപി ഭരണം രാജ്യത്തെ അരക്ഷിതാവസ്ഥയിൽ എത്തിച്ചതായും സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തി.