യുവത്വത്തിന് അംഗീകാരം; സച്ചിന്‍ ഉപമുഖ്യമന്ത്രി

യുവത്വത്തിന്‍റെ പ്രതീകമായി സച്ചിൻ പൈലറ്റ് രാജസ്ഥാന്‍റെ ഉപമുഖ്യമന്ത്രിപദത്തിലേക്കെത്തുമ്പോൾ യുവാക്കൾക്കുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഉപഹാരമായി ഇതിനെ കാണാം. രാജസ്ഥാന്‍റെ മണ്ണിൽ കൈക്കരുത്തിന് നിലമൊരുക്കിയത് ഈ നാൽപത്തൊന്നുകാരനാണ്. അച്ഛൻ രാജേഷ് പൈലറ്റിന്‍റെയും അമ്മ രമാ പൈലറ്റിന്‍റെയും കോൺഗ്രസ് പ്രവർത്തനം കണ്ടുതന്നെയാണ് ടെറിട്ടോറിയൽ ആർമിയിൽ ഓഫീസറായിരുന്ന സച്ചിന്‍റെ കോൺഗ്രസിലേക്കുള്ള പ്രവേശനം. പിതാവ് രാജേഷ് പൈലറ്റിന്‍റെ മരണത്തിന് ശേഷം രാജസ്ഥാനിലെ അജ്മീർ ലോക്‌സഭാമണ്ഡലം കാക്കാൻ കോൺഗ്രസ് നിയോഗിച്ചത് സച്ചിനെയായിരുന്നു. പ്രതികൂലമായ രാഷ്ട്രീയസാഹചര്യങ്ങൾ അജ്മീർ മണ്ഡലത്തിലുണ്ടായിട്ടും വിജയം സച്ചിനൊപ്പമായിരുന്നു. പിന്നീട് മൻമോഹൻസിംഗ് മന്ത്രിസഭയിൽ വ്യവസായവകുപ്പ് സഹമന്ത്രിയായി സംഘടനാ രാഷ്ട്രീയത്തിലും ഭരണപരിചയത്തിലും മികവ് തെളിയിച്ചു സച്ചിൻ പൈലറ്റ്.

ബി.ജെ.പിയുടെയും വസുന്ധര രാജെ സിന്ധ്യയുടെയും മുന്നിൽ തളർന്നുപോയ രാജസ്ഥാനിലെ കോൺഗ്രസിന് നവചൈതന്യം നൽകി മുഖ്യധാരയിലെത്തിക്കുന്നതിനും ബി.ജെ.പിയിൽ നിന്ന് രാജസ്ഥാൻ പിടിച്ചെടുക്കുന്നതിനും സച്ചിൻ കാഴ്ചവെച്ച മികച്ച പാടവം സംസ്ഥാനത്തിന്റെ പൈലറ്റ് സീറ്റിൽ സച്ചിനെ കോൺഗ്രസ് അവരോധിച്ചത്. വായനയെ ഇഷ്ടപ്പെടുന്ന ഈ യുവനേതാവിന് സവിശേഷതകൾ നിരവധിയുണ്ട്. സച്ചിനും സഹോദരി ശാരിക പൈലറ്റും ചേർന്ന് രചിച്ച സച്ചിൻ പൈലറ്റ് ഇൻ സ്പിരിറ്റ് ഫോറെവർ എന്ന പുസ്തകം അച്ഛനുള്ള മക്കളുടെ ഉപഹാരം എന്നും ഓർമപ്പെടുത്തുന്ന ഉപഹാരമാണ്. ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ മകൾ സാറയാണ് സച്ചിൻ പൈലറ്റിന്റെ നല്ലപാതി.

പിതാവ് രാജേഷ് പൈലറ്റിന്റെ കർമവഴിയിലൂടെ കോൺഗ്രസിന്റെ സമാരാധ്യസ്ഥാനത്തെത്തിയ ഈ യുവപ്രതിഭ സംസ്ഥാനത്തിന്റെ സാരഥ്യം ഏറ്റെടുക്കുമ്പോൾ ചെയ്തുതീർക്കാൻ ഉത്തരവാദിത്വങ്ങൾ ഏറെയാണ്. രാജസ്ഥാനിലെ കാർഷികമേഖലയിലെ തകർച്ചയും കർഷകരും ചെറുകിടവ്യവസായികളും അനുഭവിക്കുന്ന ദുരിതങ്ങളും യുവാക്കളുടെ തൈാഴിലില്ലായ്മയും പരിഹരിക്കേണ്ടതുണ്ട്. സച്ചിൻ പൈലറ്റിലൂടെ ഇതെല്ലാം സാധ്യമാകുമെന്നുതന്നെയാണ് രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെയും വിശ്വാസവും. സ്‌നേഹത്തിന്റെയും അനുനയത്തിന്റെയും പാതയിലൂടെ എല്ലാവരെയും ഒന്നിപ്പിച്ച് നിർത്തി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാനും രാജസ്ഥാന് പുതിയ വികസനമുഖം തീർക്കാനും സച്ചിൻ പൈലറ്റിന് കഴിയും. ഈ വിശ്വാസമാണ് കോൺഗ്രസ് കേന്ദ്രനേതൃത്വം സച്ചിനെ ഉപമുഖ്യമന്ത്രിയായി നിയോഗിച്ചത്.

Comments (0)
Add Comment