ഗുജറാത്തില്‍ 3000 കിലോ ഗ്രാം ഹെറോയിന്‍ പിടിച്ച സംഭവം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ്

Tuesday, October 5, 2021

 

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 3,000 കിലോഗ്രാം ഹെറോയിന്‍ പിടിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ശരിയായ അന്വേഷണം പ്രഖ്യാപിക്കാതെ കുറ്റവാളികളെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് സച്ചിന്‍ പൈലറ്റ് ആരോപിച്ചു.

വിശാഖപട്ടണം ആസ്ഥാനമായ ഒരു കമ്പനിക്ക് ഗുജറാത്തില്‍ ചരക്ക് കൈമാറ്റം ചെയ്യേണ്ട ആവശ്യമെന്താണെന്ന് സച്ചിന്‍ പൈലറ്റ് ചോദിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന  കേസില്‍ നിര്‍ബന്ധമായും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസത്തെ മുംബൈ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സച്ചിന്‍ പൈലറ്റ്.

ലാഖിംപൂരില്‍ കര്‍ഷക സമരത്തിനിടയിലേക്ക് വണ്ടി ഓടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിലും  ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത  യോഗി സർക്കാർ നടപടിയെ സച്ചിന്‍ പൈലറ്റ് അപലപിച്ചു.