ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍; മിനിറ്റ്‌സില്‍ തിരുത്തല്‍

Jaihind News Bureau
Saturday, December 6, 2025

A padmakumar

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. പച്ച മഷിയില്‍ തിരുത്തിയ മിനിറ്റ്‌സ് രേഖകളാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്.

സ്വര്‍ണം കാണാതായതുമായി ബന്ധപ്പെട്ട മിനിറ്റ്‌സ് രേഖകളിലാണ് തിരുത്തലുകള്‍ കണ്ടെത്തിയത്. ഈ തിരുത്തലുകള്‍ പച്ച മഷിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രേഖകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്. മിനിറ്റ്‌സിലെ കയ്യക്ഷരം കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

മിനിറ്റ്‌സുകള്‍ തിരുത്തിച്ചതിന് പിന്നില്‍ വന്‍ ശക്തികളുടെ പങ്ക് ഉണ്ടാകാമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും, ഉന്നതതലത്തിലുള്ള സ്വാധീനം ഇതിന് പിന്നിലുണ്ടോയെന്നും സംഘം പരിശോധിക്കുന്നുണ്ട്.

അതേസമയം സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ പോരാട്ടം കടുപ്പിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും തീരുമാനിച്ചു. കേസില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനും, സര്‍ക്കാരിന്റെ വീഴ്ച പൊതുജനമധ്യത്തില്‍ കൊണ്ടുവരാനുമാണ് പ്രതിപക്ഷത്തിന്റെ നീക്കം.