തിരുവനന്തപുരം: സഭയിലെ പ്രതിപക്ഷ പ്രതിഷേധം കാണിക്കാതെ വീണ്ടും സെന്‍സറിംഗുമായി സഭാ ടി.വി. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധങ്ങള്‍ പുറത്തുവിടാതെ ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി സഭാ ടി.വി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. സഭാ ടി.വി ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ അവരുമായി സഹകരിക്കണമോ എന്നതില്‍ പ്രതിപക്ഷത്തിന് പുനരാലോചന നടത്തേണ്ടി വരും. നിയമസഭയില്‍ എല്ലാ ചാനലുകള്‍ക്കും ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള അനുവാദം നല്‍കണം. ഇക്കാര്യം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
ഇന്ധന സെസിനെതിരെ ഇന്ന് പ്രതിപക്ഷം നിയമ സഭയില്‍ നടത്തിയ പ്രതിഷേധം സഭാ ടിവി സംപ്രേഷണം ചെയ്തിരുന്നില്ല. സഭാ നടപടികള്‍ സ്തംഭിപ്പിക്കുന്ന വിധത്തിലാണ് പ്രതിപക്ഷം ഇന്ന് പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് 50 മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു. എന്നാല്‍ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളൊന്നും തന്നെ സഭാ ടി.വി പുറത്തുവിട്ടില്ല. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നിലാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യാതെ സഭാ ടിവി സെന്‍സറിംഗ് ഏർപ്പെടുത്തുകയായിരുന്നു.
2022 ജൂണിലെ സഭാ സമ്മേളനത്തിനിടെയും പ്രതിപക്ഷ പ്രതിഷേധം കാണിക്കാതെ സഭാ ടി.വി മൂടിവെച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ ഗുണ്ടായിസവും ഡിവൈഎഫ്ഐ അതിക്രമങ്ങളും ഉന്നയിച്ചാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. പ്രതിഷേധ സൂചകമായി കറുപ്പണിഞ്ഞ് എസ്എഫ്ഐ-ഡിവൈഎഫ്ഐ അതിക്രമങ്ങള്‍ക്കെതിരായ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രതിപക്ഷത്തെ യുവ എംഎല്‍എമാർ എത്തിയത്. നടുത്തളത്തിലേക്കിറങ്ങിയതോടെ ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് സഭാ ടിവി ഒഴിവാക്കുകയായിരുന്നു. തുടർന്ന് സംപ്രേഷണം ചെയ്തത് ഭരണപക്ഷത്തിന്‍റെ ദൃശ്യങ്ങള്‍ മാത്രമായിരുന്നു. അതേസമയം പ്രകോപനപരമായ മുദ്രാവാക്യം വിളികളോടെ ഭരണപക്ഷ എംഎല്‍എമാർ പ്രതിപക്ഷത്തിനെതിരെ എത്തിയതും പുറംലോകം കണ്ടില്ല.