
തിരുവനന്തപുരം: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റത്തിന് കരുത്തുപകര്‍ന്ന്, തിരുവനന്തപുരം കോര്‍പ്പറേഷനിലെ കവടിയാര്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.എസ്. ശബരീനാഥന്‍ മികച്ച വിജയം നേടി. അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി കടന്നുവന്ന യുവനേതാവ്, വോട്ടര്‍മാര്‍ക്കിടയില്‍ തന്റെ ജനകീയത എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഈ വിജയം.
കഴിഞ്ഞ തവണ വെറും ഒരു വോട്ടിന് കോണ്‍ഗ്രസ് വിജയിച്ച കവടിയാര്‍ വാര്‍ഡില്‍, ഇത്തവണ ബിജെപിയെ ബഹുദൂരം പിന്നിലാക്കിയാണ് ശബരീനാഥന്‍ വിജയം ഉറപ്പിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന് മുമ്പ് തന്നെ 69 വോട്ടുകളുടെ വ്യക്തമായ ലീഡ് നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇത് യുഡിഎഫ് അനുകൂല തരംഗം തിരുവനന്തപുരത്ത് ശക്തമാണ് എന്നതിന്റെ സൂചനയാണ്.
വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ്, വലിയ അവകാശവാദങ്ങളിലേക്കോ കണക്കുകളിലേക്കോ പോകാതെ യുഡിഎഫിന് നല്ല വിജയം ഉണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ശബരീനാഥന്‍, പഴവങ്ങാടി ക്ഷേത്രത്തില്‍ തേങ്ങയുടച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് ജനവിധി അറിയാന്‍ എത്തിയത്. ജനങ്ങളുടെ വിശ്വാസമാണ് ഈ വിജയത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പ്രതികരിച്ചു.
മുന്‍ എം.എല്‍.എ കൂടിയായ കെ.എസ്. ശബരീനാഥന്റെ തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ പ്രവേശനവും വിജയവും, കോര്‍പ്പറേഷനിലെ യുഡിഎഫ് പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.