ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതിയില്‍; തിങ്കളാഴ്ച നിർണ്ണായകം; ഒൻപതംഗ ബെഞ്ചിൽ തീരുമാനമുണ്ടായേക്കും

Jaihind News Bureau
Saturday, February 14, 2026

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. വരാനിരിക്കുന്ന തിങ്കളാഴ്ചയാണ് ഹർജികൾ കോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2018-ൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്രവിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട, മതാചാരങ്ങൾ ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങൾ ചൂണ്ടിക്കാട്ടുന്ന ഹർജികളാണ് കോടതിക്ക് മുന്നിലെത്തുന്നത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച ഹർജികളിൽ പ്രാഥമിക വാദം കേൾക്കുക. കേസ് വിശദമായി പരിഗണിക്കുന്നതിനായി വിശാലമായ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും, ഒൻപതംഗ ബെഞ്ചിന്റെ വാദം എന്ന് തുടങ്ങണം എന്നതിലും തിങ്കളാഴ്ച നിർണ്ണായക തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്. 2019-ന് ശേഷം ആദ്യമായാണ് ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത് എന്നത് ശ്രദ്ധേയമാണ്.

 2018-ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് ശേഷം വലിയ പ്രതിഷേധങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും കേരളം സാക്ഷ്യം വഹിച്ചിരുന്നു. നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ശബരിമല വിഷയം വീണ്ടും സജീവ ചർച്ചയാകുന്നത് സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും ഒരുപോലെ നിർണ്ണായകമാകും. കോടതിയുടെ അടുത്ത നീക്കം കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.