ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് പുണ്യ നദിയായ പമ്പയിലെ സ്നാനം പോലെ തന്നെ പ്രധാനമാണ് ഉരക്കുഴിയിലെ സ്നാനവും. പരമ്പരാഗത കാനന പാത താണ്ടി സന്നിധാനത്തേക്കെത്തുന്ന ഭക്തർ ഉരക്കുഴിയിൽ മുങ്ങി കുളിച്ചാണ് പതിനെട്ടാം പടി ചവിട്ടുന്നത്.
കലിയുഗവരദന്റെ കാനനക്ഷേത്രത്തിലേക്കെത്തുവര്ക്ക് പുണ്യത്തിന്റെ നിര്‍വൃതിയും പ്രകൃതിയുടെ വിസ്മയവുമാവുകയാണ് ശബരിമലയിലെ ഉരക്കുഴി തീര്‍ത്ഥം. മലമുകളിലെ അരുവിയിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം പതിച്ച് പാറയിൽ ഉരൽ പോലെ കുഴി രൂപപ്പെടുകയും ഈ ഉരൽക്കുഴി ലോപിച്ച് ഉരക്കുഴി എന്നായി മാറുകയും ചെയ്തു. സന്നിധാനത്തെ പാണ്ടിത്താവളത്തു നിന്നും 300 മീറ്ററോളം ദൂരെയാണ് ഈ പുണ്യതീര്‍ത്ഥം സ്ഥിതിചെയ്യുന്നത്. ശ്രീധര്‍മ്മശാസ്താവിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട ഉരക്കുഴി തീര്‍ത്ഥം പാപനാശിനിയാണൊണ് വിശ്വാസം.
മഹിഷി നിഗ്രഹത്തിനു ശേഷം അയ്യപ്പൻ ഉരക്കുഴിയിൽ കുളിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇവിടെ മുങ്ങി കുളിച്ചാൽ പ്രത്യേക അനുഭൂതി ആണെന്നാണ് ഭക്തർ പറയുന്നത്.
പ്രകൃതി ഒരുക്കിയ ഈ അദ്ഭുതത്തിലെ തെളിഞ്ഞ, തണുത്ത വെള്ളത്തിലുള്ള സ്നാനം തീര്‍ത്ഥാടകരെ ഉന്മേഷഭരിതരാക്കുന്നു. ആദ്യമായി ഉരക്കുഴിയിൽ മുങ്ങിയപ്പോൾ യാത്ര ക്ഷീണം പൂർണ്ണമായും മാറിയെന്ന് മണികണ്ഠ സ്വാമിയായ നിരഞ്ജൻ പറയുന്നു.
നിരവധി ഭക്തരാണ് ദിനംപ്രതി ഇവിടെ കുളിക്കാനെത്തുന്നത്.