ശബരിമലയില്‍ ആചാരം ലഘിച്ച് കടന്നാല്‍ രണ്ട് വര്‍ഷം തടവ്’; നിയമനിര്‍മ്മാണം നടത്തുമെന്ന് യു.ഡി.എഫ്, കരട് പുറത്തുവിട്ടു

Jaihind News Bureau
Saturday, February 6, 2021

ശബരിമലയിൽ നിയമനിർമ്മാണത്തിന്‍റെ കരട് പുറത്ത് വിട്ട് യുഡിഎഫ്. ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ട് വർഷം തടവ് ലഭിക്കുമെന്നും ക്ഷേത്രത്തിന്‍റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും പുറത്തുവിട്ട കരടിൽ പറയുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കരട് പുറത്തുവിട്ടത്. കരട് രേഖ എ.കെ ബാലന് കൈമാറാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ശബരിമലയിൽ ഊന്നി പ്രചാരണം മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണ് യുഡിഎഫ് തീരുമാനം. സുപ്രീം കോടതി വിധി മറികടക്കാൻ നിയമനിർമാണം നടത്താൻ സംസ്ഥാന സർക്കാരിനെ യുഡിഎഫ് വെല്ലുവിളിച്ചു. അധികാരത്തിലെത്തിയാൽ യുഡിഎഫ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിൻ്റെ കരട് പുറത്തുവിടാൻ മന്ത്രി എ.കെ. ബാലനും വെല്ലുവിളിച്ചു. ഇതിൻ്റെ പിന്നാലെയാണ് നിയമത്തിൻ്റെ കരട് തന്നെ യുഡിഎഫ് പുറത്തുവിട്ടത്. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.ആസിഫലിയാണ് കരട് തയ്യാറാക്കിയത്. ക്ഷേത്രത്തിന്‍റെ പരമാധികാരി തന്ത്രിയാണെന്നും കരടിൽ വ്യക്തമാക്കുന്നു.