ആചാരലംഘനമുണ്ടായാല്‍ ഇനിയും ശുദ്ധിക്രിയ നടത്തുമെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്. ശബരിമല ക്ഷേത്ര സന്നിധാനത്തെ യുവതീപ്രവേശനത്തിന് പിന്നാലെ ക്ഷേത്രനട അടച്ച് ശുദ്ധിക്രിയ നടത്തിയ നടപടി സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ക്ക് നല്‍കിയ വിശദീകരണത്തിലാണ് തന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏന്നാൽ ശുദ്ധിക്രിയ നടത്തിയതിനു കാരണം യുവതീപ്രവേശമല്ലെന്നും തന്ത്രി കത്തിൽ വ്യക്തമാക്കി. ദേവചൈതന്യത്തിനു കളങ്കം വന്നതിനാലാണു ശുദ്ധിക്രിയ നടത്തിയതെന്നും മകരവിളക്കിനു നട തുറക്കുമ്പോൾ ശുദ്ധിക്രിയ നടത്താൻ നേരത്തേ നിശ്ചയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിക്കു നിരക്കാത്തതൊന്നും താൻ ചെയ്തിട്ടില്ലെന്നും ദേവസ്വം ബോര്‍ഡിനു നൽകിയ വിശദീകരണത്തിൽ തന്ത്രി വ്യക്തമാക്കി.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യുവതികള്‍ പ്രവേശിച്ചതെന്നും അതിനാല്‍ തന്നെ ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി നിയമലംഘനമാണെന്നും വിമര്‍ശിച്ച് സര്‍ക്കാര്‍ തന്നെ നേരത്തെ രംഗത്തു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ അനുമതിയില്ലാതെ ശുദ്ധിക്രിയ നടത്തിയതിന് വിശദീകരണം നല്‍കണം എന്ന് ആവശ്യപ്പെട്ട് ബോര്‍ഡിന്‍റെ നിര്‍ദേശപ്രകാരം കമ്മീഷണര്‍ തന്ത്രിക്ക് കത്ത് നല്‍കി. ഇതിന് മറുപടിയായി നല്‍കിയ മൂന്ന് പേജുള്ള വിശദീകരണക്കുറിപ്പിലാണ് തന്ത്രി തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ശുദ്ധിക്രിയ ചെയ്ത നടപടിയില്‍ തന്ത്രി ഉറച്ചു നില്‍ക്കുന്ന സ്ഥിതിക്ക് ദേവസ്വം ബോര്‍ഡിന്‍റെ തുടര്‍നടപടികള്‍ എന്തായിരിക്കും എന്നത് നിര്‍ണായകമാണ്.