യുവതീപ്രവേശനത്തെച്ചൊല്ലി കലാപം: സംസ്ഥാനത്ത് സാമാധാന അന്തരീക്ഷം തകര്‍ത്ത് ബി.ജെ.പിയും സി.പി.എമ്മും.എല്ലാ പൊലീസ് സ്‌റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം

Jaihind Webdesk
Wednesday, January 2, 2019

ശബരിമലയിലെ യുവതീപ്രവേശത്തെച്ചൊല്ലി തെരുവില്‍ സി.പി.എം – ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ന്നു. ഇന്ന് രാവിലെയാണ് കനകദുര്‍ഗ, ബിന്ദു എന്നീ യുവതികള്‍ പൊലീസ് സംരക്ഷണത്തോടെ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. യുവതീപ്രവേശം സര്‍ക്കാരിന്റെ ഒത്താേെയാടെയാണ് എന്നു ചൂണ്ടിക്കാട്ടി രാവിലെ മുതല്‍ തന്നെ കേരളത്തിന്റെ പല ഭാഗത്തും ബി.ജെ.പി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായെത്തി അക്രമം അഴിച്ചു വിടുകയായിരുന്നു. സംസ്ഥാനത്താകെ സംഘര്‍ഷം ഉടലെടുത്തതോടെ ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ പൊലീസ് സ്‌റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

ഇവരെ പ്രതിരോധിക്കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ പലയിടത്തും സംഘടിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ,ചെങ്ങന്നൂര്‍, തിരുവല്ല ചങ്ങനാശേരി, മല്ലപ്പള്ളി, കോഴഞ്ചേരി, റാന്നി, ഗുരുവായൂര്‍ കിഴക്കേനട, മാവേലിക്കര എന്നിവിടങ്ങളിലാണ് പ്രതിഷേധം ഉടലെടുത്തത്. പലയിടത്തും സംഘപരിവര്‍- ബി.ജെ.പി പ്രവര്‍ത്തകരെത്തി നിര്‍ബന്ധപൂര്‍വ്വം കടകളടപ്പിക്കുകയും ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഇതോടെ സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കല്ലേറിലും ലാത്തിച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റു.

https://images.assettype.com/newsrupt%2F2019-01%2Fb97f4443-1b69-4562-a26e-d320c78f122a%2F49756180_320320775244222_2199414076101099520_n.png?w=1200&auto=format%2Ccompress

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിലായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ബി.ജെ.പിയുടെ സമരപന്തലില്‍ തടിച്ചുകൂടിയ സംഘപരിവാര്‍ – ബി.ജെ.പി പ്രവര്‍ത്തകരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഇതിനിടെ മഹിളമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുള്ളിലെത്തി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കയറാന്‍ നടത്തിയ ശ്രമം സുരക്ഷാഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് പരാജയപ്പെടുത്തി. അതേസമയം സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധം രൂക്ഷമാവുകയായിരുന്നു. കല്ലും വടികളുമായി സംഘടിച്ചെത്തിയ സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകര്‍ ഇരുവശത്തും നിന്നും പോര്‍വിളികളുയര്‍ത്തി. തുടര്‍ന്ന് കല്ലേറുണ്ടായതോടെ പൊലീസ് ഒരു തവണ ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇതോടെ ചിതറിയോടിയ പ്രവര്‍ത്തകര്‍ പിന്നീട് സംഘടിച്ചെത്തി മുദ്രാവാക്യം മുഴക്കി. വീണ്ടും സെക്രട്ടേറിയറ്റ് പരിസരം സംഘര്‍ഷഭരിതമായതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

ബി.ജെ.പി സമരപന്തലില്‍ നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടിരുന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റിന് ദേഹാസ്വാസ്ഥ്യമുണ്ടായി. പ്രവര്‍ത്തകര്‍ നാലു ഭാഗത്തേക്കും ചിതറിയോടി. പിന്നീട് ബി.ജെ.പി സംസ്ഥാന നേതാക്കളെത്തി പ്രവര്‍ത്തകരെ ശാന്തരാക്കിയതോടെ സംഘര്‍ഷത്തിന് അയയവ് വന്നു. നെയ്യാറ്റിന്‍കരയിലും സമാന സ്ഥിതി വിശേഷമാണ് ഉടലെടുത്തത്. സംഘടിച്ചെത്തിയ ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിച്ചു. പാലക്കാട് വലിയതോതിലുള്ള സംഘര്‍ഷമാണ് അരങ്ങേറിയത്. സംഘടിച്ചെത്തിയ ബി.ജെ.പി -സി.പി.എം പ്രവര്‍ത്തകര്‍ പരസ്പരം പോര്‍വിളിച്ച് സംഘര്‍ഷത്തിനെത്തിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. ലാത്തയടിയേറ്റ് ബി.ജെ.പി പ്രവര്‍ത്തകന്റെ തലയ്ക്ക് പരിക്കേറ്റു. ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ വില്ലേജ് ഓഫീസ് അടിച്ചു തകര്‍ത്തു. ഗുരവായൂരില്‍ ബി.ജെ.പി – സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ച കടകമ്പോളങ്ങള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് തുറപ്പിച്ചതും സംഘര്‍ഷത്തിന് വഴിവെച്ചു.