അയ്യപ്പനെ കാണാനെത്തിയവര്‍ക്ക് പന്തളം കടക്കാനാകുന്നില്ല; ഭക്ഷണവും വെളളവുമില്ലാതെ തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടുന്നു

Jaihind Webdesk
Wednesday, December 13, 2023


വ്രതമെടുത്ത് ഇരുമുടിക്കെട്ടുകളുമായി അയ്യപ്പനെ കാണാനെത്തിയവര്‍ക്ക് പന്തളം കടക്കാന്‍ കഴിയാത്തത് ഇന്നും തുടരുന്നു. ചിലര്‍ പമ്പയില്‍ മണിക്കൂറുകള്‍ കാത്തുനില്‍പ്പ് തുടരുകയാണ്. പന്തളത്തെത്തി അവിടെ ഇരുമുടിക്കെട്ട് അഴിച്ച് തിരിച്ചുപോകുന്ന അന്യസംസ്ഥാനക്കാരായ ഭക്തരുടെ അവസ്ഥയും കഷ്ടമാണ്. കന്നിസ്വാമിമാരും കുട്ടികളും സ്ത്രീകളും സംഘത്തിലുണ്ട്. ഇടത്താവളങ്ങളിലും പമ്പയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പമ്പ വരെ ഗതാഗതക്കുകരുക്ക് രൂക്ഷമാണ്. മണിക്കൂറുകള്‍ യാത്രചെയ്താണ് ആളുകള്‍ ശബരിമലയിലെത്തുന്നത്. ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കഷ്ടപ്പെടുന്നത് ദൃശ്യമാണ്. നിലയ്ക്കലിലെത്തി മുന്നോട്ട് ഒരടി നീങ്ങില്ല എന്നുറപ്പായതോടെയാണ് പന്തളം ക്ഷേത്രത്തിലെത്തി തീര്‍ഥാടകര്‍ മാലയൂരുന്നത്. അവിടെയും തിരക്കേറി വരികയാണ്. പന്തളത്തില്‍ സൗകര്യം ഇല്ലാഞ്ഞിട്ടുകൂടി ഭക്തര്‍ തങ്ങളുടെ ആചാരം പൂര്‍ത്തിയാക്കുന്നു. യാത്രാസൗകര്യങ്ങളും കുറവാണ്. ബസില്‍ മണിക്കൂറുകള്‍ കാത്തിരുന്ന കഥകളാണ് എല്ലാവര്‍ക്കും പറയാനുളളത്. തീര്‍ഥാടകരെ നിയന്ത്രിക്കാനുള്ള പോലീസോ സംവിധാനങ്ങളോ ഇപ്പോഴും പൂര്‍ണതോതിലെത്തിയിട്ടില്ല. അടിയന്തരമായി തിരക്കുകുറയ്ക്കാന്‍ സ്‌പോട്ട് ബുക്കിങ്ങില്‍ നിയന്ത്രണമേര്‍പ്പെടുത്തി എന്നായിരുന്നു ഇന്നലത്തെ അവലോകന യോഗത്തിന് ശേഷം ദേവസ്വം മന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ നിരുത്തരവാദിത്തപരമായി പെരുമാറുന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും വിവിധ സംഘടനകളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.