ശബരിമല: റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന്, റിവ്യൂ ഹര്‍ജികള്‍ അതിനു മുമ്പു പരിഗണിച്ചേക്കും

Jaihind Webdesk
Monday, January 21, 2019

ന്യൂഡല്‍ഹി: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള റിട്ട് ഹര്‍ജികള്‍ സുപ്രിം കോടതി ഫെബ്രുവരി എട്ടിനു പരിഗണിച്ചേക്കും. യുവതീപ്രവേശനം അനുവദിച്ച വിധിക്കു പിന്നാലെ സമര്‍പ്പിക്ക ഹര്‍ജികളാണ് ഫെബ്രുവരിയിലെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരായ റിവ്യൂ ഹര്‍ജികള്‍ അതിനു മുമ്പു പരിഗണിക്കുമെന്നാണ് സൂചന.

യുവതീ പ്രവേശനം അനുവദിച്ച വിധിക്കു പിന്നാലെ ശബരിമലയിയലെ ആചാരങ്ങള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശി വിജയകുമാര്‍, മുംബൈ സ്വദേശി ശൈലജ വിജയന്‍, വിഎച്ച്പി നേതാവ് എസ് ജയ രാജ്കുമാര്‍, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹര്‍ജി നല്‍കിയത്. നവംബര്‍ 13ന് ഈ ഹര്‍ജികള്‍ പരിഗണിച്ച മൂന്നംഗ ബെഞ്ച് ഇവ റിവ്യൂ ഹര്‍ജികള്‍ കേട്ട ശേഷം പരിഗണിക്കാം എന്നു വ്യക്തമാക്കി മാറ്റിവയ്ക്കുകയായിരുന്നു.

ശബരിമല യുവതീ പ്രവേശനത്തിന് എതിരായ റിവ്യൂ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് നാളെ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ ആയതിനാല്‍ നാളെ കേസ് കേള്‍ക്കില്ലെന്നു വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇക്കാര്യം അറിയിച്ചിരുന്നു. റിവ്യൂ ഹര്‍ജികള്‍ കേള്‍ക്കുന്ന പുതിയ തീയതി വ്യക്തമായിട്ടില്ല. എന്നാല്‍ റിട്ട് ഹര്‍ജികള്‍ കേള്‍ക്കും മുമ്പ് ഇവ പരിഗണിക്കും എന്നാണ് വിവരം.