ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതോടെ പത്തനംതിട്ടയില്‍ പലയിടത്തും ഗതാഗത ക്രമീകരണവുമായി പോലീസ്. ശബരിമലയിലേക്കുള്ള പാതകളില്‍ വാഹനങ്ങള്‍ കടത്തിവിടുന്നത് നിയന്ത്രിച്ചാണ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിട്ടശേഷമാണ് തീര്‍ത്ഥാടകരെ നിലയ്ക്കലിലേക്ക് വിടുന്നത്. ഗതാഗത നിയന്ത്രണത്തെതുടര്‍ന്ന് മണിക്കൂറുകളോളമാണ് അയ്യപ്പ ഭക്തര്‍ ഇടത്താവളങ്ങളില്‍ കാത്തുനില്‍ക്കേണ്ടിവരുന്നത്. ശബരിമല സന്നിധാനത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിലയ്ക്കല്‍ മുതല്‍ തുലാപ്പള്ളി വരെ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. രാവിലെ മുതല്‍ എരുമേലി ഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. ഇതിനിടെ, ശബരമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് നിര്‍ദേശം നല്കി. അവധി ദിനങ്ങളായതിനാല്‍ വലിയ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ദര്‍ശനത്തിന് ക്യൂ നില്‍ക്കുന്നവരെ വേഗത്തില്‍ കയറ്റിവിടാന്‍ പൊലീസിനും ദേവസ്വം അധികൃതര്‍ക്കും മന്ത്രി നിര്‍ദേശം നല്കി.തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ ആരോഗ്യ സംവിധാനങ്ങളും ആംബുലന്‍സും ക്രമീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.
തിരക്ക് കണക്കിലെടുത്ത് പത്തനംതിട്ടയില്‍ ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ ഇടത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടുകൊണ്ടുള്ള ഗതാഗത ക്രമീകരണമാണിപ്പോള്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. വാഹനങ്ങള്‍ ഇടത്താവളങ്ങളിലേക്ക് മാറ്റിയിട്ടശേഷം നിലയ്ക്കലിലെ വാഹനതിരക്ക് കുറയുന്നതിന് അനുസരിച്ചാണ് പൊലീസ് വാഹനങ്ങള്‍ പത്തനംതിട്ടയില്‍നിന്ന് വിടുന്നത്. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതും ചെന്നൈയില്‍ വെള്ളക്കെട്ടൊഴിഞ്ഞതും തിരക്ക് വര്‍ധിക്കാന്‍ കാരണമായി. ഇതരസംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതല്‍ ഭക്തര്‍ ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഈ തിരക്ക് മുന്‍കൂട്ടി കണ്ട് പൊലീസ് ആവശ്യമായ ക്രമീകരണം ഒരുക്കിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഗതാഗത ക്രമീകരണത്തെതുടര്‍ന്ന് ഭക്തര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ടോക്കണ്‍ നല്‍കിയശേഷമാണ് ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ടോക്കണ്‍ അനുസരിച്ചാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇന്നത്തേക്ക് 90000 പേരാണ് ബുക്ക് ചെയ്യതിരിക്കുന്നത് .ഇന്നലെ 70000 ലധികം പേര് ദര്‍ശനം നടത്തി. മണിക്കൂറുകള്‍ ക്യൂ നിന്നാണ് ദര്‍ശനം നടത്തിയത്.