ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ വഴിയില്‍ പിടിച്ചിട്ടു; പോലീസും ദേവസ്വം ബോര്‍ഡ് അംഗവും തമ്മില്‍ വാക്‌പോര്

Jaihind Webdesk
Tuesday, December 19, 2023


പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ വഴിയില്‍ പിടിച്ചിട്ടതുമായി ബന്ധപ്പെട്ട് പോലീസും ദേവസ്വം ബോര്‍ഡ് അംഗവും തമ്മില്‍ വാക്‌പോര്. പെരനാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡ് അംഗം അജികുമാറും തമ്മിലാണ് പെരുനാടിനടുത്ത് കൂനങ്കരയില്‍ വച്ച് തര്‍ക്കിച്ചത്. കാര്യമായ തിരിക്ക് ഇല്ലാതിരുന്നിട്ടും പോലീസ് വഴിയില്‍ വാഹനങ്ങള്‍ തടയുന്നുവെന്ന് അജികുമാര്‍ വിമര്‍ശിച്ചു. തര്‍ക്കത്തിനിടെ നിരവധി വാഹനങ്ങള്‍ കടന്നുപോയി. ഇന്ന് രാവിലെ 7.30നായിരുന്നു തര്‍ക്കം. വ്യാപാര സ്ഥാപന നടത്തിപ്പുകാരില്‍ നിന്നും പണം വാങ്ങിയാണ് പോലീസ് വാഹനങ്ങള്‍ തടഞ്ഞിടുന്നതെന്ന് ബോര്‍ഡ് അംഗം ആക്ഷേപിച്ചു. എന്നാല്‍ സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് വാഹന നിയന്ത്രണമെന്ന് പോലീസ് പറയുന്നു. തീര്‍ത്ഥാടകരുടെ വാഹനം തടഞ്ഞിട്ടത് ചോദ്യം ചെയ്ത ദേവസ്വം അംഗം അജികുമാറിന്റെ നടപടിയില്‍ പത്തനംതിട്ട എസ്പി അതൃപ്തി അറിയിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോടാണ് അതൃപ്തി അറിയിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമാണ് വഴിയില്‍ വാഹനം തടഞ്ഞതെന്നാണ് പോലീസ് പറയുന്നത്. കടക്കാരില്‍ നിന്നും പണം വാങ്ങിയാണ് പോലീസ് വാഹനം തടഞ്ഞിടുന്നതെന്ന ദേവസ്വം ബോര്‍ഡ് അംഗം അജികുമാറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും എസ്പി വ്യക്തമാക്കി.