ശബരിമല തീർത്ഥാടകരുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു: ബസില്‍ 61 പേർ; ഡ്രൈവറുടെ പരിക്ക് ഗുരുതരം

Jaihind Webdesk
Tuesday, March 28, 2023

 

പത്തനംതിട്ട: ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ശബരിമല ദര്‍ശനത്തിനു ശേഷം മടങ്ങുമ്പോഴാണ് ഇലവുങ്കല്‍-എരുമേലി റോഡില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ഏഴ് കുട്ടികളും വയോധികരും ഉള്‍പ്പെടെ 61 പേരാണ് ബസിലുള്ളത്. തമിഴ്നാട് മൈലാടുതുറൈ ജില്ലയിലെ മായാരത്തുനിന്നുള്ള തീര്‍ത്ഥാടകരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്കും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കുമാണ് മാറ്റുന്നത്. ബസിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാരുടെയും പോലീസിന്‍റെയും നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.