അയ്യപ്പൻ്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ശബരിമല തീർത്ഥാടനം സുഗമമാകുന്നത്; സര്‍ക്കാര്‍ പരാജയം; രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, December 14, 2022

ശബരിമല: അയ്യപ്പൻ്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ശബരിമല തീർത്ഥാടനം ഈ നിലയിൽ മുന്നോട്ട് പോകുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ ഒരു ഇടപെടലും ഉണ്ടാകുന്നില്ല. മുഖ്യമന്ത്രി അവലോകന യോഗം വിളിച്ച് ചേർക്കേണ്ടിയിരുന്നത് പമ്പയിലാണ്. എന്നാൽ മുഖ്യമന്തി യോഗം വിളിച്ചത് തിരുവനന്തപുരത്താണ്. കാര്യങ്ങൾ നേരിട്ട് ബോദ്ധ്യപ്പെട്ട ശേഷം പമ്പയിൽ യോഗം വിളിച്ച് ചേർക്കുന്ന പതിവ് തെറ്റിച്ചാണ് തിരുവനന്തപുരത്ത് യോഗം ചേർന്നത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ നരകയാതന അനുഭവിക്കുകയാണ്. വിവിധ ഡിപ്പാർട്ട് മെൻ്റുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് തീർത്ഥാടനം സുഗമമാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. സർക്കാർ അക്കാര്യത്തിൽ പരാജയപ്പെട്ടതായും അദേഹം കുറ്റപ്പെടുത്തി.

യുത്ത് കോൺഗ്രസ് പ്രവർത്തകർ ശബരിമല തീർത്ഥാടകരെ സഹായിക്കുന്നതിനായി പത്തനംതിട്ട കെ എസ് ആർ ടി സി ബസ്റ്റാൻ്റിൽ ആരംഭിച്ച തീർത്ഥാടകർക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതി ഉത്ഘാടനം ചെയ്ത ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.