പത്തനംതിട്ട: ളാഹയ്ക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 19 പേർക്ക് പരിക്കേറ്റു. ഒരു കുട്ടി ഉൾപ്പടെ മൂന്ന് പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അന്ധ്രാപ്രദേശിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് പുലർച്ചയോടെയാണ് ളാഹ വിളക്കുമാടത്തിന് സമീപം വനമേഖലയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത്. ബസ് ക്രാഷ് ഗാർഡിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. റോഡിൽ വെളിച്ചക്കുറവുണ്ടായത് രക്ഷാ പ്രവർത്തനത്തിനും പ്രയാസമുണ്ടാക്കി. ആദ്യം മറ്റ് വാഹനങ്ങളിലെത്തിയ അയ്യപ്പഭക്തരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
44 പേരാണ് ബസിൽ ഉണ്ടായിരുന്നത്. 19 പേർക്ക് പരിക്കേറ്റു. 5 പേർക്ക് സാരമായ പരിക്കുണ്ട്. ഇതിൽ ഒരു കുട്ടി അടക്കം രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിസാര പരിക്കേറ്റവരെ പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. ഗുരുതരമായി പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച ശേഷം ആവശ്യമെങ്കിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. അപകടത്തിൽപ്പെട്ട ബസ് റോഡിൽ നിന്ന് മാറ്റി.