
ശബരിമല മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ക്രമീകരണങ്ങള്‍ പാളിയത് സര്‍ക്കാരിന്റെ ഗുരുതരമായ, ഭരണഘടനാപരമായ വീഴ്ചയെയാണ് സൂചിപ്പിക്കുന്നത്. 15 മണിക്കൂര്‍ വരെ ക്യൂവില്‍ കാത്തുനിന്ന് ദര്‍ശനം ലഭിക്കാതെ ഭക്തര്‍ മാല ഊരി മടങ്ങുന്ന ദയനീയ സാഹചര്യം, സ്വര്‍ണ്ണക്കൊള്ളയുടെ പേരില്‍ ഇതിനോടകം പ്രതിരോധത്തിലായി നില്‍ക്കുന്ന പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മന്ത്രിക്ക് ഇടപെടാന്‍ സാധിച്ചില്ലെന്ന സര്‍ക്കാരിന്റെ ന്യായീകരണം തികച്ചും ബാലിശവും ഉത്തരവാദിത്തമില്ലാത്തതുമാണ്. നവംബര്‍ പകുതിയോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും, മാസങ്ങള്‍ക്ക് മുമ്പ് നടത്തേണ്ട മുന്നൊരുക്കങ്ങളിലും യോഗങ്ങളിലും സര്‍ക്കാര്‍ അലംഭാവം കാണിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. മുന്‍കൂട്ടി ആസൂത്രണം ചെയ്യേണ്ട ക്രമീകരണങ്ങളെ ദിവസങ്ങള്‍ക്ക് മുമ്പുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം എങ്ങനെയാണ് ബാധിക്കുക എന്ന ചോദ്യത്തിന് സര്‍ക്കാരിന് മറുപടിയില്ല.
സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് തീര്‍ത്ഥാടനകാലം തന്നെ അവതാളത്തിലാക്കി എന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. ആവശ്യത്തിന് പോലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തമില്ലാതെ പെരുമാറിയ ദേവസ്വത്തിന്റെയും സര്‍ക്കാരിന്റെയും നടപടി അപലപനീയമാണ്. തങ്ങളുടെ പിടിപ്പുകേടിനെ മറയ്ക്കാന്‍ പെരുമാറ്റച്ചട്ടം മറയാക്കുന്ന മന്ത്രിയുടെ വിശദീകരണം വിശ്വാസികളെ പരിഹസിക്കുന്നതിന് തുല്യമാണ്. ഭക്തരെ ദുരിതത്തിലാക്കുന്ന ഈ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ന്യായമാണ്. ‘ആഗോള അയ്യപ്പസംഗമം’ പോലുള്ള പ്രചാരണങ്ങള്‍ നടത്തി വിശ്വാസികളുടെ പിന്തുണ നേടാന്‍ ശ്രമിച്ച സിപിഎമ്മിനും പിണറായി സര്‍ക്കാരിനും തൊട്ടതെല്ലാം തിരിച്ചടിയാകുന്ന ഈ അവസ്ഥ, വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭക്തര്‍ ബാലറ്റിലൂടെ മറുപടി നല്‍കുന്ന സാഹചര്യത്തിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്.